വടക്കഞ്ചേരി: അമ്മയെയും രണ്ടു മക്കളെയും വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി മണലാരൂ എസ്റ്റേറ്റിൽ രാജേന്ദ്രന്റെ ഭാര്യ ഉഷ (40), മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ പകൽ 11.30ന് ഉഷയുടെ വീടായ ചേരാമംഗലം ആനിക്കോട്ടിലായിരുന്നു സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
മൂന്നാഴ്ചയായി ഉഷയും മക്കളും ആനക്കോട്ടിലെ വീട്ടിലെത്തിയിട്ട്. നെല്ലിയാമ്പതി മണലാരൂ എസ്‌റ്റേറ്റിലെ വെൽഡിംഗ് തൊഴിലാളിയാണ് രാജേന്ദ്രൻ. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഉഷയുടെ അച്ഛൻ അപ്പുക്കുട്ടൻ ഓട്ടോ ഓടിക്കാനും അമ്മ സുശീല കൂലിപ്പണിക്കും പോയിരുന്നു. വീട്ടിൽ നിന്ന് വലിയ രീതിയിൽ പുകയുയർന്നതോടെ സമീപവാസികൾ വന്നുനോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.രണ്ടു മക്കളും ഒരു മുറിയിലും ഉഷ മുൻവശത്തെ മുറിയിലുമായാണ് മരിച്ചു കിടന്നത്. മകൾ അനുശ്രീയ്ക്ക് വലതു കണ്ണിന് കാഴ്ചയില്ലായിരുന്നു. ഒരു മാസം മുമ്പ് മകൾക്ക് വയറുവേദനയുണ്ടായതിനെ തുടർന്ന് നെന്മാറ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവർ ചേരാമംഗലത്തെ വീട്ടിലേക്ക് വന്നത്.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.