ഷൊർണൂർ: മഞ്ഞക്കാട് റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട് മാസങ്ങൾ. വർഷക്കാലത്ത് പൊട്ടിയ പൈപ്പ് ലൈനിൽ വേനൽ തുടങ്ങി കുടിവെള്ളത്തിനായി നാട്ടുകാർ അലയുമ്പോഴും വെള്ളം പാഴാകുകയാണ്.
വിഷയത്തിൽ നാട്ടുകാർ നിരവധി പരാതി വാട്ടർ അതോറിറ്റി അധികൃതർക്ക് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. നഗരസഭയുടെ പല പ്രദേശങ്ങളിലും നിലവിൽ രണ്ടും മൂന്നും ദിവസങ്ങൾ ഇടവിട്ടാണ് കുടിവെള്ളം എത്തുന്നത്.
വാർഡ് മെമ്പറടക്കം നഗരസഭയിലെ പല കൗൺസിലർമാരും ഉദ്യോഗസ്ഥരും ഇതുവഴി നോക്കി പോവുകയല്ലാതെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഞ്ഞക്കാട് റിംഗ് റോഡ് അസോസിയേഷൻ ഭാരവാഹികൾ വിഷയവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. നഗരസഭയുടെ പല പ്രദേശങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. ബാലഭദ്രാദേവീ ക്ഷേത്രം റോഡിലും പൈപ്പ് പൊട്ടി വൻതോതിലാണ് വെള്ളം പാഴാകുന്നത്. ഇവിടെയും അധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ല.