srimathi

പാലക്കാട്: മാവോയിസ്റ്റ് നേതാവ് ശ്രീമതി (29) തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായി. ഇന്നലെ രാവിലെ ആറിന് തമിഴ്നാട് അതിർത്തിയായ ആനക്കട്ടിക്ക് സമീപം മൂലങ്കൊമ്പിലെ ഒരു വീട്ടിൽ നിന്നാണ് ശ്രീമതിയെ പിടികൂടിയത്. ആയുധങ്ങളും പിടിച്ചെടുത്തതായാണ് സൂചന. ഇവരെ രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്.

കർണാടകയിലെ ചിക്കമംഗളൂരു സ്വദേശിയായ ശ്രീമതി കബനി ദളത്തിലെ പ്രമുഖ നേതാവാണ്. കുറച്ചുവർഷങ്ങളായി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇവർക്കുവേണ്ടി തണ്ടർ ബോൾട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ മേലെ മഞ്ചിക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ ശ്രീമതിയും കൊല്ലപ്പെട്ടതായി കരുതിയിരുന്നെങ്കിലും ബന്ധുക്കൾ തൃശൂരിലെത്തി മൃതദേഹം തിരിച്ചറിയാത്തതിനെ തുടർന്നാണ് ഇവർ രക്ഷപ്പെട്ടെന്ന് പൊലീസ് ഉറപ്പിച്ചത്.

ശ്രീമതിക്കൊരു കുഞ്ഞുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന ദീപക്കിനെ ആനക്കട്ടിയിൽ വച്ച് കഴിഞ്ഞ നവംബർ ഒമ്പതിന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു.