krishi
എടപ്പലം ആലിക്കപ്പള്ളിയാലിൽ വലിയ പാലം വീട്ടിലെ വിദ്യാർത്ഥികളായ മൂവർസംഘം നടത്തുന്ന പ്രകൃതി കൃഷി കാണാനെത്തിയ ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും

കൊപ്പം: കാർഷിക മേഖലയിൽ അതിജീവനത്തിന്റെ പുതിയ പാഠം സമൂഹത്തിന് പകർന്നുനൽകുകയാണ് സഹോദരങ്ങളായ മൂന്ന് വിദ്യാർത്ഥികൾ. എടപ്പലം ആലിക്കപ്പള്ളിയാലിൽ വലിയപാലം ആയിശ സുനൈന (18), സുഹാന (15), കൻസ് (7) എന്നിവരാണ് പ്രകൃതികൃഷി നടത്തി ജനശ്രദ്ധനേടുന്നത്.

കേരളത്തിൽ പൊതുവേ അത്രയൊന്നും സുലഭമായി കൃഷിചെയ്യാത്ത 33 തരം പച്ചക്കറികളാണ് ആകെയുള്ള 15 സെന്റ് സ്ഥലത്ത് ഈ കുട്ടികർഷകർ വിളവിറക്കിയിരിക്കുന്നത്. ക്യാബേജ്, ക്വാളി ഫ്ലവർ, വിവിധയിനം ചീര, ചേന, ചേമ്പ് തുടങ്ങിയവ വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്.

ജൈവ കർഷകൻ എടപ്പലം വി.പി.ലുഖ്‌മാന്റെ മക്കളാണ് മൂന്നുപേരും. സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പും ക്ലാസ് കഴിഞ്ഞുവന്ന ശേഷവുമാണ് ഇവർ കൃഷിയിടങ്ങളിൽ സമയം ചെലഴവിക്കുന്നത്. നവമാദ്ധ്യമങ്ങളിലൂടെ മാത്രം സമയംകളയുന്ന പുതുതലമുറയ്ക്ക് ഈ കുടുംബവും പ്രത്യേകിച്ച് മൂന്ന് കുരുന്നു കർഷകരും ഒരു മാതൃകയാണ്.

കുട്ടികൾ തന്നെയാണ് പരിചരണവും പരിപാലനവും നടത്തുന്നത്. വീട്ടാവശ്യം കഴിഞ്ഞാൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും മറ്റും ഇവർ ഇതുവഴിതന്നെ തുകകണ്ടെത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഈ കുട്ടികൾ പ്രകൃതി കൃഷിചെയ്തു വരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സീസണിലെ പച്ചക്കറി കൃഷി തുടങ്ങിയത്. ഈ മാസം ആദ്യത്തോടെ വിളവെടുപ്പും നടത്തി. വിളയൂർ പഞ്ചായത്ത് കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളിയും പാടശേഖര സമിതി സെക്രട്ടറിയും കുട്ടികൾക്ക് സഹായവും പിന്തുണയുമായി ഒപ്പമുണ്ട്.

ജൈവകൃഷി നടത്തി സർക്കാരിന്റെ വിവിധ അംഗീകാരങ്ങൾ നേടിയ പിതാവ് ലുഖ്‌മാന്റെ നിർദ്ദേശങ്ങളോടെയാണ് പ്രകൃതി കൃഷി. ജാപ്പാനീസ് കർഷകൻ ഫുക്കുവോക്കയുടെ പ്രകൃതി കൃഷിയിൽ ആകൃഷ്ടരായാണ് മൂവർ സംഘം മണ്ണിലേക്ക് ഇറങ്ങിയത്.