ചെർപ്പുളശ്ശേരി: പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ചെർപ്പുളശ്ശേരി വല്ലപ്പുഴ റോഡിന്റെ ആദ്യഘട്ട നവീകരണം ആരംഭിച്ചു. നെല്ലായ സിറ്റിവരെയുള്ള പ്രവർത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 74 ലക്ഷം രൂപ ചിലവിലാണ് പ്രവർത്തി നടത്തുന്നത്.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡ് ഗതാഗതയോഗ്യമാവുന്നത്. ചെർപ്പുളശ്ശേരി ടൗൺ, അയ്യപ്പൻകാവ്, മഞ്ചക്കൽ എന്നിവിടങ്ങളിൽ റോഡ് പൂർണമായും തകർന്ന് തരിപ്പണമായിരുന്നു, ഇതേ തുടർന്ന് യാത്രാക്ലേശവും രൂക്ഷമായിരുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ റോഡ് ടീ ടാർ ചെയ്ത് നവീകരിക്കുന്നത്. എന്നാൽ നെല്ലായ സിറ്റി മുതൽ വല്ലപ്പുഴ വരെയുള്ള റോഡ് പ്രവർത്തികൾ ആരംഭിച്ചിട്ടില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആറരക്കോടി രൂപ ചിലവിൽ റോഡ് റബ്ബറൈസ് ചെയ്യാൻ അനുമതി ആയിട്ടുണ്ടെന്നും ടെണ്ടർ നടപടി പൂർത്തിയായാൽ പ്രവർത്തി ആരംഭിക്കുമെന്നും എം.എൽ.എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ ഈ പ്രവർത്തികളും ആരംഭിക്കുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയവും മഴക്കെടുതിയും റോഡിന്റെ സ്ഥിതി മോശമാക്കി. പ്രളയത്തിനു ശേഷം ഓട്ടയടക്കൽ നടത്തിയതൊഴിച്ചാൽ പിന്നീട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി ഇപ്പോൾ റോഡിന്റെ നവീകരണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.