water
വെള്ളിയാങ്കല്ലിൽ കുടിവെള്ളത്തിൽ അറവുമാലിന്യം തള്ളിയ നിലയിൽ

പള്ളിപ്പുറം: ആരോഗ്യമേഖല പകർച്ചവ്യാധി ഭീഷണി നേരിടുമ്പോൾ ജലസംഭരണിയിൽ അറവുമാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. പാലക്കാട് - തൃശ്ശൂർ ജില്ലകളിലേക്കുള്ള കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിലാണ് അറവുമാലിന്യം തള്ളിയിരിക്കുന്നത്. ആരാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമല്ല.

പട്ടാമ്പി പാലം മുതൽ വെള്ളിയാങ്കല്ലുവരെ ഭാരതപ്പുഴയുടെ ഇരുകരകളും കക്കൂസ മാലിന്യവും, അറവുമാലിന്യവും മദ്യപർ ഉപേക്ഷിക്കുന്ന കുപ്പികളും ഗ്ലാസുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ പറയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഫലംകാണിന്നില്ല. പുഴയിലെ കുറ്റിക്കാടുകൾക്ക് തീ ഇടുന്നതും ഈ മേഖലയിൽ ഭീഷണി ഉയർത്തുന്നുണ്ട്.
ഫ്രണ്ട്‌സ് ഒഫ് ഭാരതപ്പുഴ നടത്തിയ പഠനത്തിൽ പട്ടാമ്പി മേഖലയിലെ ഭാരതപ്പുഴയിലെ വെള്ളത്തിൽ അമിതമായ തോതിൽ ഇ കോളെയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
വേനൽ കനക്കുന്നതോടെ വെള്ളം കുറയുമ്പോൾ മലിനീകരണത്തിന്റെ തോത് ഇനിയും വർദ്ധിക്കാനിടയുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോപങ്ങളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറയുന്നു.