 ബന്ധുവായ സുഹൃത്ത് അറസ്റ്റിൽ

കൊല്ലങ്കോട്: മുതലമട മൊണ്ടിപതി കോളനിയിലെ ആദിവാസി വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അയൽവാസിയും പെൺകുട്ടിയുടെ സുഹൃത്തുമായ കൗമാരക്കാരനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ഈക്കഴിഞ്ഞ 11നാണ് പെൺകുട്ടിയെ കാണാതായത്. പിറ്റേന്ന് രക്ഷിതാക്കൾ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. 14ന് ശനിയാഴ്ച സമീപത്തെ തെങ്ങിൻതോപ്പിലെ കിണറ്റിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടു.

പെൺകുട്ടിയെ കാണാതായദിവസം സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനുപോയി അമ്മയും സഹോദരിയും മടങ്ങിയെത്തിയപ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല. ബന്ധുവിന്റെ വീട്ടിലെ ടെറസിനുമുകളിൽ ഉറങ്ങാൻ പോയെന്നാണ് അമ്മ കരുതിയത്. കേസിൽ സംശയംതോന്നിയ അയൽവാസികളെയും മറ്റു ബന്ധുക്കളേയും ചോദ്യംചെയ്തതിൽ കൗമാരക്കാരനായ ബന്ധുവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നതായി മനസിലായി. 11ന് രാത്രി ഉത്സവത്തിനുപോയി മദ്യപിച്ചെത്തിയ ഇയാൾ രാത്രി ഒരുമണിയോടെ പെൺകുട്ടി കിടക്കുന്ന ടെറസിന്റെ മുകളിലെത്തി സംസാരിക്കണമെന്ന് പറഞ്ഞ് തെങ്ങിൻതോപ്പിലേക്ക് കൊണ്ടുപോയി. ശേഷം, പെൺകുട്ടിയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചു. പെൺകുട്ടി ബഹളംവച്ചതിന് തുടർന്ന് വായ പൊത്തിപ്പിടിക്കുകയും സമീപത്തെ ആഴമേറിയ കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു.

പോക്‌സോ നിയമപ്രകാരവും കൊലപാതകത്തിനും തെളിവ് നശിപ്പിക്കൽ എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജറാക്കുമെന്ന് ഡിവൈ.എസ്.പി കെ.എം.ദേവസ്യ സി.ഐ കെ.പി.ബെന്നി എന്നിവർ പറഞ്ഞു.

സംഭവത്തെ തുടർന്ന് എസ്.പി ജി.ശിവവിക്രത്തിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ കൊല്ലങ്കോട് സി.ഐ കെ.പി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്.