വടക്കഞ്ചേരി: മാണിക്കപ്പാടത്ത് പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് മോഷണം, ഒന്നേകാൽ പവൻ കവർന്നു. മാണിക്കപ്പാടം റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വീണ നിവാസിൽ കണ്ണന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ മുൻഭാഗത്തെ ഓടാമ്പൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാര കുത്തിതുറന്ന് മോഷ്ടിക്കുകയായിരുന്നു.
അലമാരയിലെ വസ്ത്രങ്ങളും മറ്റും വലിച്ച് വാരിയിട്ട നിലയിലായിരുന്നു. രണ്ട് മാസത്തോളമായി ഇവിടെ ആരും താമസിക്കുന്നില്ല. കണ്ണനും ഭാര്യയും ബെഹ‌്‌റിനുള്ള മകന്റെടുത്തേക്ക് പോയിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ അയൽവാസികൾ വീടിനുള്ളിൽ ലൈറ്റ് കത്തുന്നത് കണ്ടതിനെ തുടർന്ന് സമീപത്തുള്ള കണ്ണന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവർ വന്ന് നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടനെ വടക്കഞ്ചേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒന്നേകാൽ പവന്റ വള നഷ്ടപ്പെട്ടതായി മനസിലായി. ഇതിന് പുറമെ സമീപത്തുള്ള വെപ്പിൽ വീട്ടിൽ ബൈജുന്റെ ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും ബൈക്ക് എടുത്തതിന് ശേഷം അര കിലോമീറ്റർ ദൂരത്തിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണം നടന്ന സ്ഥലത്ത് വടക്കഞ്ചേരി പൊലീസ്, ഫിംഗർപ്രിന്റ് ഡോഗ് സ്‌ക്വാഡ് എന്നിവരും പരിശോധന നടത്തി.