വടക്കഞ്ചേരി: ആദിവാസി യുവാവിന്റെ കൊലപാതകം, പൊലീസ് അന്വേഷണം ഊർജിതം. മംഗലംഡാം തളികകല്ല് കോളനിയിലെ രാജഗോപാലിന്റെ മകൻ മോഹനൻ (28) നെയാണ് വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വനത്തിൽ തേൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുഞ്ചിയാർപതി അയ്യപ്പൻപാടി ഉൾവനത്തിൽ തോട്ടം തൊഴിലാളികളാണ് മോഹന്റെ മൃതദേഹം കണ്ടത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തളികകല്ല് കോളനിയിലെ വേലായുധൻ, മക്കളായ ബൈജു, സൈജു, സുനി, മറ്റ് കോളനി നിവാസികളായ സുദേവൻ, കുഞ്ചൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മോഹനനെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ കോളനിവാസി ശശീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് ശേഷം പ്രതികളെല്ലാം ഉൾ കാട്ടിൽ പോയി രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. വനം വകുപ്പിന്റെ സഹായത്തോടുകൂടിയും കാടിനെ കുറിച്ച് വ്യക്തമായി അറിയുന്ന ആദിവാസികളുടെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, മംഗലംഡാം എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മോഹനന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. തലയിൽ കൊടുവാൾകൊണ്ട് വെട്ടിയതിനെ തുടർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം. തിങ്കളാഴ്ച പകൽ ഒരു മണിയോടു കൂടി കോളനിയിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു.

കെ ഡി പ്രസേനൻ എം.എൽ.എ, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് തുടങ്ങിയവർ കോളനിയിലെത്തി മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.


മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ അന്തിമോപചാരമർപ്പിക്കുന്നു