മണ്ണാർക്കാട്: പൂരത്തിനിടെ നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പണപ്പിരിവും പരിശോധനകൾ നിറുത്തിവയ്ക്കാൻ നടന്ന ശ്രമവും നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളത്തിനിടയാക്കി. സി.പി.എം, ബി.ജെ.പി, ലീഗ് കൗൺസിലർമാർ നഗരസഭയുടെ നടപടിയെ തള്ളിപ്പറഞ്ഞു.

ഉദ്യോഗസ്ഥരുടെ നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയർപേഴ്‌സൻ രാജിവയ്ക്കണമെന്ന് സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടു. നടപടിയെ അപലപിച്ച ലീഗ് അംഗങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുവന്ന വീഴ്ച പരിശോധിച്ച് നടപടി കൈക്കൊള്ളണമെന്ന നിലപാടാണ് സ്വീകരിച്ചത്. നഗരസഭയ്ക്ക് ആകെ പേരുദോഷമുണ്ടാക്കിയ നടപടി ശരിയായില്ലെന്നും ജനങ്ങളുടെ മുന്നിൽ അത് ഏറ്റുപറയാൻ നഗരസഭ നേതൃത്വം തയ്യാറാകണമെന്നാണ് ബി.ജെ.പി അംഗങ്ങൾ സ്വീകരിച്ച നിലപാട്. ഇതിനിടയിൽ സംസാരിച്ച വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യൻ വിവാദ നടപടിയെ തള്ളിപ്പറയുകയും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞതോടെ ചെയർപേഴ്‌സനെ സംരക്ഷിക്കാനുള്ള ശ്രമം വൈസ് ചെയർമാൻ നടത്തുന്നുവെന്ന ആക്ഷേപവും ഉയർന്നു. ഇതോടെ വിശദീകരണവുമായി ചെയർപേഴ്‌സണും രംഗത്തുവന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്, അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ചെയർപേഴ്‌സൺ സഭയെ അറിയിച്ചു. ഇപ്പോഴുണ്ടായ സംഭവത്തിൽ പൂരാഘോഷ കമ്മിറ്റിയോടും നഗരവാസികളോടും ക്ഷമ ചോദിക്കുന്നുവെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.