പാലക്കാട്: ലോകാരോഗ്യസംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ജില്ലയിൽ 204 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. 182 പേർ വീടുകളിലും 11 പേർ ജില്ലാ ആശുപത്രിയിലും, 2 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും 9 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആരുടെയും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചിട്ടുണ്ട്.

ഇതുവരെ 89 സാമ്പിളുകൾ അയച്ചതിൽ 62 ഫലങ്ങളും നെഗറ്റീവാണ്. ആകെ 416 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 212 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയിട്ടുണ്ട്. 731 ഫോൺകോളുകൾ കൺട്രോൾ റൂമിലേക്ക് വന്നിട്ടുണ്ട്.

 ചെക്ക് പോസ്റ്റിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന

ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് വാളയാർ ചെക്ക് പോസ്റ്റിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരെ പരിശോധിക്കുകയും കോവിഡ് 19 ബാധയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വയോധികരെ നേരിട്ട് ബോധവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ബോധവത്കരണം നടത്തി. കൂടാതെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.


 പരിശീലനം നൽകി

കൊറോണ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ ഹോമിയോ മെഡിക്കൽ ഓഫീസർമാർക്കും കളക്ടറേറ്റ് ജീവനക്കാർക്കും ഒറ്റപ്പാലം മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർക്കും പരിശീലനം നൽകി. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബോധവൽക്കരണ സന്ദേശങ്ങൾ നൽകുന്നുണ്ട്.