പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി മുതൽ താണാവ് വരെ നവീകരണം പൂർത്തിയായപ്പോൾ തച്ചമ്പാറ പഞ്ചായത്തിലെ പലസ്ഥലങ്ങളിലും കാൽനടയാത്രികൾക്ക് റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. ടാറിംഗ് കഴിഞ്ഞശേഷം ഒരുമീറ്റർ നടപ്പാത വേണമെന്ന വ്യവസ്ഥ പാലിക്കാതെ മുഴുവൻഭാഗവും ടാർ ചെയ്തിരിക്കുകയാണ്.
മുള്ളത്തുപ്പാറ, വില്ലേജ് ഓഫീസ് വളവ്, തച്ചമ്പാറ ജംഗ്ഷനിലെ വളവുകൾ, തച്ചമ്പാറക്കും എടായ്ക്കലിനും ഇടയ്ക്കുള്ള വളവ്, എടയ്ക്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മുഴുവൻ ഭാഗവും ടാറിട്ടിരിക്കുന്നത്. ഇവിടങ്ങളിൽ റോഡിലൂടെ വേണം നടക്കാൻ. റവന്യൂ സ്ഥലം ഉണ്ടെങ്കിലും സ്വകാര്യവ്യക്തികളുടെ കൈയ്യേറ്റം ഒഴിപ്പിക്കാനാവാത്തതാണ് നടപ്പാതയ്ക്ക് സ്ഥലംകണ്ടെത്താൻ പ്രയാസമായത്. വാഹനങ്ങൾ അമിതവേഗത്തിൽ വരുമ്പോൾ സ്‌കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികൾക്ക് റോഡിൽ നിന്നും മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡിന് വീതി കൂടിയെങ്കിലും നടപ്പാത ഇല്ലാത്തത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.
തച്ചമ്പാറ വളവ്:എം.എൽ.എയും ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും
പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറക്കും എടായ്ക്കലിനുമിടയിലുള്ള വളവിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് ഇന്ന് വൈകീട്ട് 4.30ന് കെ.വി.വിജയദാസ് എം.എൽ.എയും ദേശീയപാത പൊതുമരാമത്ത് എക്‌സികുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സികുട്ടീവ് എൻജിനീയർ എന്നിവരും സ്ഥലം സന്ദർശിക്കും.
കരിങ്കല്ലത്താണി മുതൽ താണാവ് വരെയുള്ള റോഡ് നവീകരണത്തിനിടെ സ്ഥലം ഉണ്ടായിട്ടും തച്ചമ്പാറക്കും എടായ്ക്കലിനും ഇടയിലുള്ള വളവ് ചില സ്വകാര്യ വ്യക്തികൾക്കുവേണ്ടി നികത്താതെ പണിപൂർത്തീകരിക്കുകയായിരുന്നുവെന്നാണ് തച്ചമ്പാറ വികസന വേദിയുടെ പരാതി. ഇവിടെ വളവിൽ നിന്നും അൽപ്പം മണ്ണ് എടുത്താൽ തച്ചമ്പാറയിൽ നിന്നും എടായ്ക്കൽ വളവുവരെ കാഴ്ചകിട്ടും. ഇപ്പോൾ ഈ വളവിലെത്തിയാൽ എതിരെവരുന്ന വാഹനം പെട്ടെന്ന് കാണാൻ കഴിയില്ല. ഇത് അപകടങ്ങൾക്ക് ഇടയാക്കും.