മംഗലംഡാം: തളികക്കല്ല് ആദിവാസി യുവാവിന്റെ കൊലപാതകം പ്രതികൾ പിടിയിൽ. തളികക്കല്ല് കോളനിയിലെ തന്നെ വേലായുധൻ (41) സദേവൻ (28) വേലായുധന്റെ മക്കളായ ബൈജു (22) സൈജു (20) എന്നിവരാണ് അറസ്റ്രിലായത്. ശനിയാഴ്ച വൈകീട്ട് കുഞ്ചിയാർപതി വട്ടഞ്ചേരിപ്പാറ കാട്ടിനുള്ളിൽ വെച്ചുണ്ടായ ആക്രമണത്തിലാണ് തളികകല്ല് കോളനിയിലെ രാജഗോപാലന്റെ മകൻ മോഹനൻ (28) കൊല്ലപ്പെട്ടത്. ഞായാറാഴ്ച രാവിലെ കുഞ്ചിയാർ പതി അയ്യപ്പൻ പാടിയിൽ മൃതദേഹം കിടക്കുന്നത് കണ്ട് തോട്ടം തൊഴിലാളികളാണ് പൊലീസിൽ വിവരമറിയിച്ചത്. കൊല്ലപ്പെട്ട മോഹനന്റെ കൂട്ടാളികളായ പരിക്കുകളോടെ ഓടി രക്ഷപ്പെട്ട ശശീന്ദ്രന്റേയും ഉണ്ണികൃഷ്ണന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം ഉൾവനത്തിലേക്ക് രക്ഷപ്പെട്ട പ്രതികളെ സാഹസികമായാണ് എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, അഡീഷണൽ എസ്.ഐ കെ.എസ്സുന്ദരൻ, എ.എസ്.ഐ രതീഷ്, എച്ച്.സി അബ്ദുനാസർ സി.പി.ഒമാരായ ധനഞ്ജയൻ, ജയൻ തുടങ്ങിയ മംഗലംഡാം പൊലിസ് സംഘം പിടികൂടിയത്.
ഒരു വർഷം മുമ്പ് ശശീന്ദ്രൻ ഇരുമ്പ് വടി കൊണ്ട് വേലായുധനെ അടിക്കുകയും കൊല്ലപ്പെട്ട മോഹനൻ കൊടുവാൾ കൊണ്ടുവെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതിന്റെ വൈരാഗ്യമുണ്ടായിരുന്നു. കൂടാതെ ആനയെവിരട്ടാൻ എന്ന വ്യാജേന മോഹനനും കൂട്ടരും ഇടക്കിടെ ഗുണ്ട് പൊട്ടിക്കുന്നതിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. ശനിയാഴ്ച വൈകന്നേരവും ഇത്തരത്തിൽ ഗുണ്ട് പൊട്ടിച്ചതാണ് ആക്രമണത്തിൽ കലാശിച്ചതെന്നും ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു.
വേലായുധന്റെ വെട്ടുകൊണ്ട് ഗുരുതരമായ പരിക്കേറ്റ മോഹനനേയും ചുമന്ന് മറ്റ് പ്രതികൾ ആശുപത്രിയിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ജീപ്പ് കിട്ടാതാവുകയും ഇതിനിടെ മോഹനൻ മരിച്ചെന്ന് ഉറപ്പാവുകയും ചെയ്തതോടെ മൃതദേഹം അയ്യപ്പൻ പാടിയിൽ ഉപേക്ഷിച്ച് പോയതാണെന്നും പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കും.