kada
നെല്ലിയാമ്പതി പുലയമ്പാറയിൽ അടഞ്ഞു കിടക്കുന്ന കടകൾ.

നെന്മാറ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ കൊറോണ രോഗവ്യാപനം തടയാൻ നടപ്പാക്കിയ നിരോധനം ജനങ്ങളുടെ ഉപജീവന മാർഗ്ഗത്തെ ബാധിച്ചു തുടങ്ങി. വരുമാനം നിലച്ചതോടെ നൂറുകണക്കിന് തൊഴിലാളികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ജീപ്പ്, ടാക്‌സി, ഓട്ടോ ജീവനക്കാർ, റിസോർട്ടുകളിൽ തൊഴിൽ ചെയ്യുന്നവർ, ചെറുകിട വ്യാപാരികൾ എന്നിവരെ കൂടാതെ ഓറഞ്ച് ഫാമിനെയും നിരോധനം ബാധിച്ചു. സഞ്ചാരികളെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സർവീസ് നടത്തിവന്നിരുന്ന 70 ജീപ്പുകളും 40 ഓട്ടോകളുമെല്ലാം നിറുത്തിയിട്ടിരിക്കുകയാണ്. പ്രദേശവാസികളുടെ ഏതാനും ഓട്ടം ഒഴികെ മിക്കവരുടെ ഉപജീവന മാർഗ്ഗം ഇതോടെ തടസപ്പെട്ടു. റിസോർട്ടുകളിൽ മുറികളെല്ലാം ഒഴിഞ്ഞു. മാർച്ച് 31 വരെയാണ് വിലക്കെങ്കിലും ഏപ്രിലിലേക്കും മുറി അന്വേഷിച്ച് ആരും മുന്നോട്ടു വരുന്നില്ല.

വരുമാനം പൂർണമായി നിലച്ചെങ്കിലും ബംഗാളികൾ ഉൾപ്പെടെ വിവിധ റിസോർട്ടുകളിലായി ജോലിയെടുക്കുന്നവരെ കൂലി നൽകാനാകാതെ ഉടമകളും ദുരിതത്തിലാണ്. സർക്കാർ ഓറഞ്ച് ഫാമിലെ കൗണ്ടറിലൂടെ വില്ക്കുന്ന സ്‌ക്വാഷ് ജെല്ലി എന്നിവയുടെ വില്പനയും കുറഞ്ഞു. വേനൽ കടുത്തതോടെ തോട്ടം മേഖലയിൽ മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്താനും പ്രയാസമായതിനാൽ പ്രദേശവാസികൾ വലിയ വെല്ലുവിളി നേരിടുകയാണ്.

നെന്മാറ: സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയിൽ വലയുകയാണ് വിനോദ സഞ്ചാരികൾ. വനംവകുപ്പിന്റെ പോത്തുണ്ടി ചെക്‌പോസ്റ്റ് വഴി നെല്ലിയാമ്പതിയിലേക്കു പോകാൻ തടസമില്ലെങ്കിലും വ്യൂ പോയിന്റ് കാണാൻ വനപാലകർ സമ്മതിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളുടെ 100 ബൈക്കുകൾ ഉൾപ്പെടെ 200 അധികം വാഹനങ്ങൾ നെല്ലിയാമ്പതിയിലേക്ക് കടന്നുപോയെന്നാണ് ചെക്‌പോസ്റ്റിലെ കണക്ക്. ചെക്‌പോസ്റ്റിൽ വിനോദസഞ്ചാരികളെ തടയാൻ വനം വകുപ്പിന് പ്രത്യേക നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.

അതേസമയം വനപ്രദേശത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരെയും കടത്തി വിടരുതെന്ന നിർദ്ദേശമുണ്ട്. പ്രധാന ആകർഷണ കേന്ദ്രമായ കേശവൻപാറയിലേയ്ക്കും പ്രവേശന വിലക്കുണ്ട്. വനംവകുപ്പിന്റെ ചെക്‌പോസ്റ്റ് വഴി തടസമില്ലാതെ കടന്നവരെ വനപാലകർ തന്നെ കേശവൻപാറയിൽ തടയുന്നതുമായി ബന്ധപ്പെട്ട തർക്കം നിലവിൽ രൂക്ഷമാണ്. നെല്ലിയാമ്പതിയിൽ എല്ലാ വ്യൂ പോയിന്റുകളും കാണാൻ അനുവാദം വേണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.