മണ്ണാർക്കാട്: തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ തന്നെ ഒറ്റപ്പെടുത്തി 'ആക്രമിച്ച" സ്വന്തം പാർട്ടിയിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരോട് പ്രതിഷേധം അറിയിച്ച് നഗരസഭാദ്ധ്യക്ഷ എം.കെ.സുബൈദ. തന്റെ ഔദ്യോഗിക ഓഫീസ് മുറി പൂട്ടിയിട്ടാണ് ചെയർപേഴ്‌സൺ പ്രതിഷേധം അറിയിച്ചത്.
സാധാരണയായി പുറത്ത് പോകുമ്പോൾ പോലും ഓഫീസ് മുറി കൗൺസിലർമാർക്ക് ഇരിക്കാനും മറ്റും സൗകര്യങ്ങൾക്കായി ചെയർപേഴ്‌സൻ തുറന്നിടാറാണ് പതിവ്.
കൗൺസിലർമാർക്ക് ഇരിക്കാനായി പ്രത്യേക മുറി ഇല്ലാത്തതിനാൽ ഇവിടെ ഇരിക്കാറുമുണ്ട്. ലീഗ് കൗൺസിലർമാരാണ് കൂടുതലായും ഈ സൗകര്യം ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ പതിവിന് വിപരീതമായി കഴിഞ്ഞ ദിവസം മുറി പൂട്ടിയിട്ടാണ് ചെയർപേഴ്‌സൻ പുറത്ത് പോയത്. ഇതോടെ വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ള ലീഗ് അംഗങ്ങൾ ബുദ്ധിമുട്ടിലായി. തങ്ങളുടെ ഔദ്യോഗികമായ ഫയലുകൾ പലതും ചെയർപേഴ്‌സന്റെ മുറിയിലാണ് ഇവരിൽ പലരും വച്ചിരുന്നത്. മുറിയിൽ കയറാൻ വേണ്ടി ചെയർപേഴ്‌സണുമായി ബന്ധപ്പെട്ട ലീഗ് അംഗം ഷഹ് ന കല്ലടിക്ക് പഴയ രീതിയിൽ മുറി ഉപയോഗിക്കാൻ പറ്റില്ലെന്നുള്ള മറുപടിയാണ് ചെയർപേഴ്‌സൺ നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന പൂരം വിവാദവുമായി ബന്ധപ്പെട്ട കൗൺസിൽ യോഗത്തിൽ ഷഹ് ന കല്ലടി ഉൾപ്പെടെയുള്ള ലീഗ് അംഗങ്ങൾ ചെയർപേഴ്‌സന്റെ നടപടികളിൽ വീഴ്ച ഉണ്ടായി എന്ന് പരാമർശിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് മുറി പൂട്ടിയതിലൂടെ ചെയർപേഴ്‌സൺ നൽകിയ സൂചന എന്നാണ് അറിയുന്നത്. പൂരം വിവാദ വിഷയത്തിൽ അംഗങ്ങളും ചെയർപേഴ്‌സണും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൽ പാർട്ടി ഇടപെട്ടേക്കും എന്ന വിവരവും ലഭിക്കുന്നുണ്ട്.