chitoor
എരുത്തേമ്പതി മെത്തക്കളം പാറക്കളത്തെ ശക്തിവേലിന്റെ പറമ്പിലെ നിലക്കടല കൃഷി.

ചിറ്റൂർ: എരുത്തേമ്പതി മെത്തക്കളം പാറക്കളത്ത് പരമ്പരാഗത രീതിയിലുള്ള നിലക്കടല കൃഷി വീണ്ടും തിരിച്ചെത്തി. മുൻകാലങ്ങളിൽ ഏപ്രിൽ മാസത്തിൽ വിഷുവിനോടനുബന്ധിച്ച് ലഭിക്കുന്ന മഴയിൽ കിഴക്കൻ മേഖലയിലെ പറമ്പുകൾ കാളകളെ ഉപയോഗിച്ച് ഉഴുത് മറിച്ച് മണ്ണ് പാകപ്പെടുത്തി ചാലെടുത്ത് നിലക്കടല വിത്തിടുന്ന രീതിയാണ് അവലംബിച്ചിരുന്നത്.

മഴയില്ലായ്മയും ജലക്ഷാമവും ഉണ്ടായതോടെയാണ് നിലക്കടല കൃഷി നിലച്ചത്. കഴിഞ്ഞ രണ്ടുവർഷങ്ങളായി കിഴക്കൻ മേഖലയിൽ ലഭിച്ച മഴയും പറമ്പിക്കുളം ആളിയാർ വെള്ളവും മണ്ണിന് ആവശ്യത്തിന് ജലാംശം ലഭിക്കാനിടയായി. അതുകൊണ്ട് വിഷുവിനു മുമ്പുതന്നെ നിലക്കടല കൃഷിയിറക്കാൻ കർഷകർക്കായി. മെത്തക്കളം പാറക്കളത്തെ ശക്തിവേലിന്റെ പറമ്പിലാണ് ഇപ്പോൾ പരമ്പരാഗത രീതിയിൽ കാളകളെ ഉപയോഗിച്ച് നിലക്കടല കൃഷിയിറക്കിയത്.

ഒരേക്കർ കൃഷി ചെയ്യുന്നതിന് 40 കിലോ വിത്തുവേണം. വിത്തിട്ട് എട്ടാംനാൾ മുളവരും. മുപ്പതാം ദിവസം കളയെടുക്കണം. അറുപതാം നാൾ വളം ഇട്ട് ചെടികൾക്ക് മണ്ണ് കൂട്ടണം. ഒരേക്കറിന് 500 കിലോഗ്രാം ജിപ്‌സമാണ് നൽകേണ്ടത്. കൂടാതെ അഞ്ച് ട്രാക്ടർ കാലിവളവും ആവശ്യമാണ്. തൊണ്ണൂറാം ദിവസം വിളവെടുക്കാം. തികച്ചും ജൈവ രീതിയാണ് കൃഷിരീതി. ഒരു കിലോ നിലക്കടല വിത്തിന് 100 രൂപയാണ് വില. ഒരേക്കറിൽ കൃഷി ചെയ്താൽ ശരാശരി 45 ചാക്ക് കടല ലഭിക്കും.

നിലവിൽ മാർക്കറ്റിൽ കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ വിലയുണ്ട്. കൃഷിവകുപ്പിൽ നിലക്കടല കൃഷി വ്യാപന പദ്ധതി പ്രകാരം കർഷകന് ഒരു ഹെക്ടർ കടല കൃഷിക്ക് 15,000 രൂപ സഹായധനമായി ലഭിക്കുകയും ചെയ്യും. എരുത്തേമ്പതി കൃഷി അസിസ്റ്റന്റ് അബ്ദുൾ ഖാദറിന്റെ നിർദ്ദേശം കൃഷിക്ക് ഏറെ സഹായകമായെന്ന് ശക്തിവേൽ പറഞ്ഞു.