പാലക്കാട്: കനത്ത വേനലിൽ സംസ്ഥാനത്തെ ചൂട് ഈ വർഷം ആദ്യമായി 41 ഡിഗ്രി സെൽഷ്യസിലെത്തി.പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിലാണിത്. അഞ്ച് ദിവസം തുടർച്ചയായി രേഖപ്പെടുത്തിയ 40 ഡിഗ്രിക്ക് ശേഷമാണ് 41ലെത്തിയത്. കുറഞ്ഞ ചൂട് 25 ഡിഗ്രി.
പട്ടാമ്പി മേഖലയിലും ചൂട് കനത്തു. 39 ഡിഗ്രി. കുറഞ്ഞത് 20 ഡിഗ്രി. ചൊവ്വാഴ്ച 36.6 ഡിഗ്രിയായിരുന്നു.
കഴിഞ്ഞ വർഷം ഇതേ ദിവസം 37.8 ഡിഗ്രിയായിരുന്നു കൂടിയ ചൂട്.
മലമ്പുഴ അണക്കെട്ട് പ്രദേശത്ത് 37.2 ഡിഗ്രിയാണ് ഇന്നലത്തെ കൂടിയ താപനില. കുറഞ്ഞത് 26.6 ഡിഗ്രി. ഈ മാസം 13നാണ് ചൂട് 40 ഡിഗ്രി എത്തിയത്. പിന്നീടുള്ള ദിവസങ്ങളിലും 40 ഡിഗ്രി തുടർന്നു.
കോഴിക്കോട്ട് ഇന്ന്
ഉഷ്ണതരംഗ സാദ്ധ്യത
കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2016ന് ശേഷം കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഇതാദ്യം. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണിത്.
രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് നാല് വരെ നേരിട്ട് സൂര്യതാപം ഏൽക്കരുത്. ജില്ലയിൽ, പ്രത്യേകിച്ച് നഗര മേഖകളിൽ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മറ്റ് 6 ജില്ലകളിലും ഇന്ന് ചൂട് കൂടും ആലപ്പുഴ, കോട്ടയം ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ