പാലക്കാട്: വേലന്താവളത്ത് വാഹന പരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.അസർ മുഹമ്മദ് മരിച്ചു. നിറുത്താതെ പോയ ലോറിയെ പിന്തുടരുന്നതിനിടെ അത്തിക്കോട് റോഡിൽ നല്ലൂർ പെട്രോൾ പമ്പിന് സമീപം വച്ച് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി കേരളത്തിലേക്ക് വരുകയായിരുന്നു ലോറി. ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും ലോറി നിറുത്തിയില്ല. തുടർന്ന് അസർ ബൈക്കിൽ ലോറിയെ പിന്തുടർന്നു. മുന്നിൽ കടന്ന് ബൈക്ക് കുറുകെ നിറുത്താൻ ശ്രമിക്കുന്നതിനിടെ ലോറി അസറിനെ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന്, ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് അസറിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ് അസർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ലോറി കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനാപകടമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്.പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയതാണെന്ന് പിന്നീടാണ് മനസിലായത്. .