പാലക്കാട് /തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങൾക്ക് തമിഴ്നാട് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി. കർശന പരിശോധനയോടെ അടിയന്തര സർവീസുകൾ അനുവദിക്കും. ഈ മാസം 31 വരെയാണ് വിലക്ക്.

അവശ്യ സാധനങ്ങളുമായി കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്.ഇതിലെ ഡ്രൈവർ അടക്കമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്നലെ രാത്രി 12 മുതൽ പാലക്കാട് -കോയമ്പത്തൂർ അതിർത്തിയിലെ ഒമ്പത് ചെക്ക്പോസ്റ്റുകളും അടച്ചു.

തിരുവനന്തപുരം,കൊല്ലം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ട അതിർത്തികളിലും വിലക്ക് ബാധകമാണ്.

തമിഴ്നാട്ടിൽ നിന്നുള്ള യാത്രാ സർവീസുകൾ അതിർത്തിയിൽ അവസാനിപ്പിക്കും.

കേരളത്തിന്റെ അതിർത്തി കടന്നുചെല്ലുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയശേഷം തമിഴ്നാടിന്റെ വാഹനങ്ങളിൽ യാത്ര തുടരാൻ അനുവദിക്കും. വഴിയിലാവുന്ന യാത്രക്കാരെ കൂട്ടിക്കൊണ്ടുവാരാൻ കെ. എസ്.ആർ.ടി.സി സർവീസ് നടത്തും. കേരളവും കർശന പരിശോധന നടത്തിയശേഷമേ തമിഴ്നാട്ടിൽ നിന്നുള്ളവരെ യാത്ര തുടരാൻ അനുവദിക്കൂ. രോഗബാധിതരെന്ന് സംശയമുള്ളവരെ നിരീക്ഷണത്തിലാക്കും.

പാലക്കാട് ജില്ലയിൽ ആനക്കട്ടി, വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ചെമ്മണാംപതി, വാൾപ്പാറ ചെക്ക്പോസ്റ്റുകളാണ് മാർച്ച് 31വരെ അടച്ചിടുക.തിരിപ്പൂർ- കോയമ്പത്തൂർ ദേശീയപാതയിലെ ഹോട്ടലുകൾ,​ ചായക്കടകൾ എന്നിവയും പൂർണമായും അടച്ചിടും.

ഒരു ദിവസം വാളയാർ വഴി

വരുന്ന ചരക്ക് വാഹനങ്ങൾ:16000

നിലവിൽ വരുന്നത്: 11000

കടത്തിവിടുന്നത്

പാൽ, പച്ചക്കറി, മുട്ട, പാചകവാതകം, ഇന്ധനം, മരുന്ന് എന്നിവയുമായി വരുന്ന വാഹനങ്ങൾ, ആംബുലൻസുകൾ

വിലക്കിയത്

നിർമ്മാണ സാമഗ്രികൾ, ഇറച്ചിക്കോഴി, കന്നുകാലികൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവയുമായി വരുന്ന ചരക്ക് വാഹനങ്ങൾ,

യാത്രാ വാഹനങ്ങൾ.സ്വകാര്യ വാഹനങ്ങൾ.