പാലക്കാട്: കൊറോണ ഭീതിയെ തുടർന്ന് സംസ്ഥാന അതിർത്തികളിൽ തമിഴ്‌നാടിന്റെ പരിശോധന കൂടുതൽ കർക്കശമാക്കി. പാൽ, പച്ചക്കറി, പെട്രോൾ, ഗ്യാസ്, മരുന്നുകൾ, ആശുപത്രി ആവശ്യങ്ങൾ തുടങ്ങിയവയ്ക്കുള്ള വാഹനങ്ങൾ മാത്രമേ വാളയാർ വഴി കടത്തിവിടുന്നുള്ളൂ. കേരളത്തിൽനിന്ന് വരുന്നതും പോകുന്നതുമായ സ്വകാര്യ വാഹനങ്ങളെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നു. അതിർത്തി അടച്ചുള്ള പരിശോധനയിൽ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രാ വാഹനങ്ങൾ ഭൂരിഭാഗവും മടക്കിവിടുകയാണ്. വിവാഹം, മരണം, വിമാനത്താവളം തുടങ്ങി ഒഴിവാക്കാനാവാത്ത യാത്രക്കാരെ മാത്രം തമിഴ്‌നാട്ടിലേക്ക് വിട്ടാൽ മതിയെന്നാണ് കോയമ്പത്തൂർ കളക്ടറുടെ നിർദ്ദേശം. വെള്ളിയാഴ്ച അർദ്ധരാത്രി ആരംഭിച്ച നിയന്ത്രണം ഈ മാസം 31 വരെ തുടരാനാണ് തീരുമാനം. ഇരുസംസ്ഥാനങ്ങളിലെയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇരുദിശയിലേക്കും പോകുന്ന വാഹനങ്ങളിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും ശരീര താപനില പരിശോധിക്കും. ഉയർന്ന താപനില ഉണ്ടെങ്കിൽ ആശുപത്രികളിലേക്ക് വിശദ പരിശോധനയ്ക്കായി അയയ്ക്കും. തൊണ്ടവേദന, ജലദോഷം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോ? വിദേശത്തുനിന്ന് എത്തിയവരാണോ? തുടങ്ങിയ കാര്യങ്ങൾ പൊലീസുകാർ ചോദിച്ചറിയുന്നുണ്ട്. വാഹനങ്ങൾ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ചരക്കുവാഹനങ്ങളിലെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ചരക്ക് ഗതാഗതം നിറുത്തിവയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവീസുകൾ കെ.എസ്.ആർ.ടി.സി നിറുത്തിവച്ചു. തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അവിടെ നിന്നുള്ള മലയാളികളുടെ വരവ് കൂടിയതിനാൽ വാളയാറിൽ കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് ഇന്നലെ രാവിലെ മുതൽ ദൃശ്യമായത്. ചെക്ക് പോസ്റ്റുകൾ പൂർണമായി അടച്ചുപൂട്ടേണ്ട സഹാചര്യമില്ലെന്ന് വാളയാറിലെത്തിയ കോയമ്പത്തൂർ ജില്ലാ കളക്ടർ കെ.രാജാമണി പറഞ്ഞു. കോയമ്പത്തൂർ ആരോഗ്യവകുപ്പ് മേധാവി ഡോ.എസ്.രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പൊലീസ്, റവന്യൂ, ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥരുമടങ്ങുന്ന വൻസംഘമാണ് തമിഴ്‌നാടിന്റെ അതിർത്തി ചെക്ക് പോസ്റ്റായ ചാവടിയിൽ പരിശോധനയ്ക്ക് നിൽക്കുന്നത്. ആനക്കട്ടി, വേലന്താവളം, നടുപ്പുണ്ണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ചെമ്മണാംപതി എന്നീ ചെക്ക് പോസ്റ്റുകളിലും കർശന നിയന്ത്രണമുണ്ട്. പാലക്കാട് നിന്ന് ആയിരത്തിലധികം തൊഴിലാളികൾ തമിഴ്‌നാട്ടിൽ ജോലിക്ക് പോയിവരുന്നുണ്ട്. അതിർത്തിയിലെ നിരവധി കുടുംബങ്ങൾ തമിഴ്‌നാടുമായി നിത്യബന്ധം പുലർത്തിവരുന്നവരുമാണ്. ഗതാഗത സംവിധാനം പൂർണമായി നിലച്ചതോടെ ഇവരെല്ലാം കടുത്ത ആശങ്കയിലാണ്.