തണ്ണിത്തോട് : പ്ളാസ്റ്റിക് കവറുകളെ നാട് കടത്തിയെങ്കിലെന്താ, ഒരു തുണ്ട് തുണിയുണ്ടെങ്കിൽ വീട്ടിലേക്കുളള സാധനങ്ങൾ വാങ്ങാം. പഴയ കാലത്ത് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചിരുന്ന ചേളാവിനെ 'ന്യൂജൻ' ആക്കി പുതിയ രൂപത്തിൽ അവതരിപ്പിച്ച് തണ്ണിത്തോട്ടുകാർ പ്ളാസ്റ്റിക് കവറുകൾക്ക് ബദലൊരുക്കി. സപ്തസാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് ചേളാവ് നിർമാണം. എൺപത് സെന്റിമീറ്റർ നീളവും വീതിയുമുളള ഒരു തുണി കൊണ്ട് തയ്ക്കുന്ന ചേളാവിൽ ഏത് സാധനവും വാങ്ങി തോളിലിട്ട് വീട്ടിലെത്തിക്കാം. നാല് വശത്തും നാടയുളള ചേളാവിൽ സാധനങ്ങളില്ലെങ്കിൽ മടക്കി പോക്കറ്റിൽ വയ്ക്കാം.

തണ്ണിത്തോട്ടിലെ ഒാരോ കുടുംബത്തിലും ചേളാവ് സ്ഥാനം പിടിച്ചു. പ്ളാസ്റ്റിക് കവറുകളുടെ ഉപയോഗം ഒന്നാേ രണ്ടോ തവണത്തേക്കാണെങ്കിൽ ചേളാവ് കഴുകി സൂക്ഷിച്ചാൽ മൂന്ന് വർഷമെങ്കിലും ഉപയോഗിക്കാം.

ചേളാവ് നിർമാണം തണ്ണിത്തോട്ടിലെ സ്ത്രീകൾക്ക് പുതിയ തൊഴിൽ സംരംഭമായി. രാവിലെ വീട്ടുജോലികൾ തീർത്ത് ഏഴും പത്തും സ്ത്രീകൾ അടങ്ങുന്ന ഗ്രൂപ്പുകൾ ചേളാവ് നിർമാണത്തിലേർപ്പെട്ടിരിക്കുകയാണ്. ചേളാവിനെ തണ്ണിത്തോടിന് പുറത്തേക്കും എത്തിച്ച് ജനകീയമാക്കാനുളള ശ്രമത്തിലാണ് സപ്തസാര സാംസ്കാരിക സമിതി. അഞ്ച് ജില്ലകളിൽ നിന്നുളള സന്നദ്ധ സംഘടനകൾ സപ്തസാരയിൽ നിന്ന് ചേളാവ് നിർമാണത്തിൽ പരിശീലനം നേടി.

>> പഴയ ചേളാവ്

ചുട്ടിത്തോർത്തിന്റെ കരയുളള രണ്ട് വശത്ത് തുണികൊണ്ട് വളളി തയ്ക്കുകയോ കയർ കെട്ടുകയാേ ചെയ്യുമ്പോൾ ചേളാവ് ആകുമായിരുന്നു. പൂർവികർ കാർഷിക വിഭവങ്ങൾ ശേഖരിക്കാനും കമ്പോളത്തിൽ എത്തിക്കാനും വീടുകളിലേക്ക് സാധനങ്ങൾ വാങ്ങാനും ഉപയോഗിച്ചിരുന്ന പ്രകൃതിദത്തമായ ഉൽപ്പന്നം.

>> പുതിയ ചേളാവ്

80 സെന്റിമീറ്റർ നീളവും വീതിയുമുളള തുണിയുടെ നാല് വശത്തും വളളികളിട്ട് മടക്കി തയ്ക്കും. അഞ്ച് മിനിട്ടിനുളളിൽ ഒരു ചേളാവ് നിർമിക്കാം. സാധാരണ തുണി കൊണ്ടുളള ചേളാവിൽ 12 കിലോ വരെ ഭാരമുളള സാധനങ്ങൾ നിറയ്ക്കാം. കോട്ടൺ തുണിയിലെ ചേളാവിൽ 22 കിലോവരെ കൊളളും.

രൂപം മാറുന്ന ന്യൂ ജെൻ ചേളാവ്

കളർ തുണിയുളള ചേളാവിന്റെ നാല് മൂലയിലെ കോണാടു കോണുളള വളളിയിൽ വലിച്ചാൽ വനിതകൾക്ക്

 വാനിറ്റി ബാഗ്.

 യുവാക്കൾക്ക് ബാക്ക് ബാഗ്.

 കോണോടു കോൺ മടക്കി തലയിൽ ചുറ്റിക്കെട്ടിയാൽ യാത്രക്കിടയിലെ തണുപ്പ് അകറ്റാം.

 പെൺകുട്ടികൾക്ക് കഴുത്തിന് പിന്നിൽ കെട്ടുന്ന സ്ക്രാഫ് ആക്കാം.

 തലയും മുഖവും തുടക്കാം.

'' പ്ളാസ്റ്റിക് നിരോധിക്കുന്നതിന് മുൻപേ പ്രകൃതിദത്തമായ ഉൽപ്പന്നമെന്ന നിലയിൽ സാധനങ്ങൾ കൊണ്ടുപോകാനുളള ചേളാവ് സപ്തസാര സാംസ്കാരിക സമിതി നിർമിച്ചിരുന്നു. പ്ളാസ്റ്റിക് നിരോധനത്തോടെ ചേളാവ് കൂടുതൽ ജനകീയമായി. ചോളാവ് നിർമാണത്തിലൂടെ 43 വനിതകൾക്ക് തൊഴിലായി.

എൻ.ലാലാജി, സപ്തസാര സാംസ്കാരിക സമിതി, പ്രസിഡന്റ്.

 ഒരു ചേളാവിന് 80രൂപ.