തണ്ണിത്തോട്: ദേഹം തേച്ച് കുളിക്കാൻ ഇഞ്ച റെഡി. ഇപ്പോൾ ഇഞ്ചയുടെ സീസണാണ്. ഉൾക്കാടുകളകിൽ നിന്ന് ആദിവാസികൾ വെട്ടിക്കൊണ്ടുവരുന്ന ഇഞ്ച തല്ലി തൊലികളാക്കി തണ്ണിത്തോടിന്റെ റോഡരികിൽ വിൽപ്പനയ്ക്ക് നിരന്നു. പണ്ട് കാലത്ത് സോപ്പിന് പകരം ഉപയോഗിച്ചിരുന്നതാണ് ഇഞ്ച. പലതരം സോപ്പുകൾ വിപണിയിലെത്തിയയോടെ ഇഞ്ച വീടുകളിൽ നിന്ന് അകന്നു. എന്നാലും ഇഞ്ച തേടിയെത്തുന്നവർ കുറവല്ല. ഒൗഷധ സസ്യമായ ഇഞ്ചയുടെ തൊലി ഉണക്കി ദേഹത്ത് തേച്ച് കുളിക്കുന്നത് ചർമ സൗന്ദര്യം വർദ്ധിപ്പിക്കുകയും ത്വക്ക് രോഗങ്ങളെ അകറ്റുകയും ചെയ്യും.
ആദിവാസികളുടെ പ്രധാന തൊഴിൽ തേനും കുന്തിരക്കവും ഇഞ്ചയും ശേഖരിക്കലാണ്. വേനൽക്കാലത്ത് തേൻ കുറയുമ്പോൾ ഇഞ്ച വെട്ടിലേക്ക് മാറും. പുരുഷൻമാർ മരത്തിൽ കയറി ഇഞ്ചവെട്ടുമ്പോൾ സ്ത്രീകൾ അത് തല്ലിയുണക്കും. വലിയമരത്തിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഇഞ്ചവളളികൾ വെട്ടിയെടുക്കുന്നത് വിഷമമേറിയ ജോലിയാണെന്ന് തണ്ണിത്തോട് മൂഴിയിലെ ആദിവസിയായ ഒാമന പറയുന്നു. മുളളുകൾ ഉള്ള ഇഞ്ച മൂത്ത് കഴിഞ്ഞാണ് വെട്ടുന്നത്. മൂത്ത വളളിക്ക് ഇരുപത്തഞ്ച് മീറ്ററോളം നീളവും പത്ത് ഇഞ്ചോളം കനവമുണ്ടാകും.
വെട്ടിയിടുന്ന വളളികൾ ചതച്ചാണ് തൊലിയെടുക്കുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉണങ്ങിക്കിട്ടും.
അഞ്ച് മീറ്ററോളം നീളമുളള ഒരു പൊളിക്ക് ഇപ്പോൾ നൂറ് രൂപയാണ് വില. വനശ്രീ ഡിപ്പോകൾ വഴി വിൽക്കുന്ന ഇഞ്ചക്ക് കിലോയ്ക്ക് 60 - 80രൂപ വരെയാണ് ആദിവസികൾക്ക് ലഭിക്കുന്നത്.