kallur-vanchi

തണ്ണിത്തോട്: ഒഴുകുന്ന പുഴയുടെ കുളിരേറ്റ് പൂത്ത് കിടന്ന കല്ലൂർവഞ്ചി തണ്ണിത്തോടുകാരുടെ മനസിൽ ഇന്നും പൂമണമുളള ഒാർമകളാണ്. ഒൗഷധ സസ്യമായ കല്ലൂർവഞ്ചി നിറഞ്ഞു കിടന്ന കല്ലാർ ഇപ്പോൾ ഏകാകിയാണ്. കല്ലുകളിൽ തട്ടിയും തിരഞ്ഞും കണ്ണീരായി ഒഴുകുന്ന കല്ലാറിന്റെ സങ്കടമറിഞ്ഞ് പരിസ്ഥിതി സ്നേഹികൾ കല്ലൂർവഞ്ചിയെ പുനർജനിപ്പിക്കുന്നു. കല്ലാറിൽ നട്ടുവളർത്താനുളള കല്ലൂർ വഞ്ചിയുടെ തൈകൾ ഇടുക്കിയിൽ നിന്ന് എത്തിച്ചു. തണ്ണിത്തോട്ടിലെ പരിസ്ഥിതി സ്നേഹികളുടെ വീട്ടുവളപ്പിലാണ് ഇവ നട്ട് പരിപാലിക്കുന്നത്. വേനൽ മാറുമ്പോൾ നദിയിലെ കല്ലുകൾക്കിടയിൽ നട്ടുപിടിപ്പിക്കും.

ശരീരത്തിൽ കാൽസ്യം കട്ടിയായി ഉണ്ടാകുന്ന മൂത്രാശയ കല്ലിനെ പൊടിച്ച് കളയാനുളള ഒൗഷധ സസ്യമാണ് കല്ലൂർ വഞ്ചി. ശ്വാസകോശ, നേത്രരോഗങ്ങൾക്കും ഫലപ്രദമാണെന്ന് നാട്ടു വൈദ്യൻമാർ പറയുന്നു. നദികളിലെ കല്ലുകൾക്കിടയിലും ചതുപ്പിലും സമൃദ്ധമായി കാണപ്പെടുന്ന കല്ലൂർവഞ്ചി കല്ലാറിൽ നിന്ന് എന്നേ അപ്രത്യക്ഷമായി. സസ്യത്തിന്റെ ഒൗഷധഗുണം അറിയുന്നവർ വേരോടെ പിഴുതു കൊണ്ടുപോയെന്നാണ് നാട്ടുകാർ പറയുന്നത്. കല്ലൂർവഞ്ചി നട്ടുവളർത്തി സംരക്ഷിക്കാനുളള ശ്രമത്തിലാണ് പരിസ്ഥിതി പ്രവർത്തകർ. അരമീറ്റർ ഉയരത്തിൽ വളരുന്ന കല്ലൂർവഞ്ചിയിൽ വെളളയും നീലയും ചുവപ്പും നിറത്തിൽ പൂക്കളുണ്ടാകും.