തണ്ണിത്തോട്: തണ്ണിത്തോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെ പണി മുടങ്ങി. രണ്ട് ബില്ലുകൾ പാസാകാത്തതിനാൽ പണം കിട്ടിയിട്ട് പണിക്ക് വരാമെന്ന നിലപാടിലാണ് കരാറുകാരൻ. സർക്കരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ബില്ലുകൾ പാസാകാത്തതിന് കാരണമായി പറയുന്നത്. നബാർഡ് ഫണ്ടായി 80 ലക്ഷം ചെലവിലാണ് തണ്ണിത്തോട് പുതിയ ഫോറസ്റ്റ് സ്റ്റേഷനും വനപാലകർക്ക് ഡോർമെറ്ററി സംവിധാനത്തോടെയുളള ക്വാർട്ടേഴ്സും നിർമിക്കുന്നത്. 2018 സെപ്തംബർ ഒന്നിനാണ് നിർമാണം തുടങ്ങിയത്.
ടൈൽ, ഇലക്ട്രിക്, പ്ളംബിംഗ് ജോലികൾ ബാക്കി നിൽക്കെയാണ്. നിലവിലെ ഫോറസ്റ്റ് സ്റ്റേഷൻ 1992മുതൽ എസ്.എൻ.ജംഗ്ഷനിലാണ് പ്രവർത്തിക്കുന്നത്. രണ്ടര കിലോമീറ്റർ അകലെ മണ്ടോംമൂഴിയിലാണ് പുതിയ കെട്ടിടം പണിയുന്നത്.
റാന്നി വനം ഡിവിഷനിൽ ഉൾപ്പെട്ടതാണ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ. റാന്നിയിലെ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ, തൊട്ടടുത്ത കോന്നി വനം ഡിവിഷനിൽ നടുവത്തുമൂഴി റേഞ്ചിലെ കരിപ്പാൻതോട‌്, പാടം മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കി ഇക്കഴിഞ്ഞ എട്ടിന് വനംവകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം നിർവഹിച്ചിരുന്നു. അപ്പോഴും തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്റെ നിർമാണം വേഗത്തിലാക്കാൻ നിർദേശമുണ്ടായില്ല. കാട്ടാനകളുടെ സ്ഥിരം സാന്നിദ്ധ്യമുളള സ്ഥലമാണ് മുണ്ടോംമൂഴി. ഫോറസ്റ്റ് സ്റ്റേഷൻ ഇവിടേക്ക് മാറ്റിയാൽ കാട്ടാനകളെ അകറ്റുന്നതിന് വനപാലകരുടെ സഹായം വേഗത്തിൽ ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.