കോന്നി : വരട്ടാറിനും ആദിപമ്പയ്ക്കും പിന്നാലെ കല്ലാറും അതിജീവനം തേടുന്നു. പമ്പയ്ക്കും അച്ചൻകോവിലാറിനും പുറമെ മലയോര ജില്ലയുടെ പ്രധാന ജലധമനികളിൽ ഒന്നായ കല്ലാറിൽ മൺപുറ്റുകൾ രൂപപ്പെടുന്നതാണ് സ്വാഭാവിക നീരൊഴുക്കുതന്നെ തടസപ്പെടുത്തിയിരിക്കുന്നത്. പ്രളയാന്തരം പുഴ നിറഞ്ഞൊഴുകിയിട്ടേയില്ല. എവിടെ നോക്കിയാലും ശോഷിച്ച ജലധനനികളും തല ഉയർത്തി നിൽക്കുന്ന മൺപുറ്റുകളുമാണ് കാണുന്നത്. നിരവധി ടൂറിസ്റ്റുകൾ എത്തുന്ന കോന്നി അടവി ഇക്കോ ടൂറിസം മേഖലകൂടിയായ തണ്ണിത്തോട്ടിൽ ഒരുകാലത്തെ പ്രധാന ആകർഷണീയതയായിരുന്നു കല്ലാർ.കുട്ടവഞ്ചി സവാരി നടത്തുന്നതും ഈ നദിയിലൂടെയാണ്.കല്ലുകൾ നിറഞ്ഞുകിടക്കുന്നതിനാൽ മറ്റ് നദികളെ അപേക്ഷിച്ച് കയങ്ങൾ കുറയാണ്.ഇതും ആളുകളെ കല്ലാറിലേക്ക് ആകർഷിച്ചിരുന്നു.എന്നാൽ മൺമുറ്റുകൾ രൂപപ്പെട്ടതോടെ ചതിക്കുഴികളും പതിയിരുപ്പുണ്ട്.നദിശോഷിച്ചതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടു

അച്ചൻകോവിലാറിന് പുറമെ കിഴക്കൻ മലയോര മേഖലയുടെ പ്രധാന ജീവനാടിയായ

കല്ലാ​റ്റിൽ രൂപപ്പെടുന്ന മൺപ്പു​റ്റുകൾ നീക്കം ചെയ്യാത്തത് മൂലം നദിയുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടു. വിവിധ ഭാഗങ്ങളിലായി നിരവധി മൺപു​റ്റുകൾ രൂപപ്പെട്ടത് നദി കരകയറുന്നതിനും കാരണമാകുന്നുണ്ട്. ഇത് വേനൽക്കാലത്ത് കടുത്ത ജലക്ഷാമം സൃഷ്ടിക്കുന്നു. മലയോര മേഖലകളിൽ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ് കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. വിലനൽകി വെള്ളം വാങ്ങിക്കുന്ന അവസ്ഥവരെയുണ്ട്. ഒരു നാടിന്റെ ജീവനാഡിയായ കല്ലാർ മരിക്കുമ്പോഴും അധികൃതർ നിസംഗത തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വില്ലൻ പ്ളാസ്റ്റിക് മാലിന്യവും.....

വർഷങ്ങളായി മാലിന്യങ്ങൾ അടിഞ്ഞുകൂടിയാണ് മൺപു​റ്റുകൾ രൂപപ്പെടുത്തുന്നത്. നദിയുടെ മദ്ധ്യഭാഗങ്ങൾ പലതും കരകളായി മാറി. പലയിടത്തും വലിയ മരങ്ങളും നിൽപ്പുണ്ട്.അടിഞ്ഞുകൂടുന്ന പ്ലാസ്​റ്റിക് മാലിന്യങ്ങളുടെ അളവ് ദിനംപ്രതി വർദ്ധിക്കുകയാണ്. തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമെല്ലാം മാലിന്യങ്ങൾ വ്യാപകമായി നദിയിലേക്ക് ഉപേക്ഷികുന്നുണ്ട്. ഇങ്ങനെ അടിഞ്ഞുകൂടുന്ന പ്ലാസ്​റ്റിക് മാലിന്യങ്ങളും ചെളിയും ചേർന്നാണ് മൺപു​റ്റുകൾ രൂപപ്പെട്ട് കരകളായി മാറുന്നത്. ഈ സ്ഥിതി തുടർന്നാൽ നാളുകൾക്കകം നദി മ​റ്റൊരു വരട്ടാറായി മാറും.

നാടിന്റെ പ്രധാന ജലശ്രോതസായ കല്ലാറിനെ സംരക്ഷിക്കാൻ എം.എൽ.എയും പഞ്ചായത്തും മറ്റ് ബന്ധപ്പെട്ടവരും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിനായി ആക്ഷൻ കൗൺസിൽ രൂപീകരിക്കും. അധികൃതർ നിസംഗത തുടർന്നാൽ പ്രക്ഷോഭം തുടങ്ങും.

(പ്രദേശവാസികൾ)