പത്തനംതിട്ട : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാലയും ഉത്സവ കൊടിയേറ്റും 5ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
5ന് രാവിലെ 8ന് പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. ജില്ലാ കളക്ടർ പി.ബി. നൂഹ് , കോവിൽമല രാജാവ് രാജാ രാജമന്നൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.എസ്. രവി, ചലച്ചിത്രതാരങ്ങളായ മല്ലിക സുകുമാരൻ, സുധീർ കരമന, പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാൽ എന്നിവർ ഭദ്രദീപം തെളിച്ച് പൊങ്കാല ഉത്സവം ഉദ്ഘാടനം ചെയ്യും.
രാവിലെ 9ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപത്തിൽ നിന്ന് തന്ത്രി അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്‌നിപകരും. തുടർന്ന് പണ്ടാര അടുപ്പിലെ ദീപം പതിനായിരത്തിലേറെ പൊങ്കാല അടുപ്പുകളിലേക്കും പകരും. പതിനൊന്നുനാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ കൊടിയേറ്റ് രാത്രി 7.45ന് നടക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എൻ. വിജയകുമാർ മുഖ്യാതിഥിയായിരിക്കും. സേവ, പറയിടീൽ, എല്ലാ ദിവസവും അന്നദാനം, 10 ന് വൈകീട്ട് 4 ന് പ്രമുഖ ഗജവീരന്മാർ പങ്കെടുക്കുന്ന മലയാലപ്പുഴ പൂരം, വിവിധ ദിവസങ്ങളിൽ കലാപരിപാടികൾ എന്നിവയും നടക്കും. ഉത്സവത്തിന്റെ സമാപന ദിവസമായ 15 ന് വൈകിട്ട് 3 ന് ആനയൂട്ട് , 4ന് ആറാട്ട് ഘോഷയാത്ര, രാത്രി 10 ന് ഗാനമേള, 12 ന് നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.

വാർത്താസമ്മേളനത്തിൽ സെക്രട്ടറി വി. ആർ. ജയചന്ദ്രൻ, ശശി പാറയരുകിൽ, ഗോപാലക്യഷ്ണൻ മധുമല, പ്രമോദ് താന്നിമൂട്ടിൽ, അമ്യതരാജ് എന്നിവർ പെങ്കടുത്തു.