>>ഉപകരണ നിർണയ ക്യാമ്പ് ഇന്ന്
>> സ്മാർട്ട് ഫോൺ വിതരണം നാളെ
പത്തനംതിട്ട: വികലാംഗ ക്ഷേമ കോർപറേഷനും വനിതാ ശിശുവികസന വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി ആറന്മുള മണ്ഡലത്തിലെ തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്കായി ഇന്ന് കോഴഞ്ചേരി മാർത്തോമ സീനിയർ സെക്കൻഡറി സ്‌കൂളിൽ സഹായ ഉപകരണ നിർണയക്യാമ്പ് നടത്തും. രാവിലെ 10ന് വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷത വഹിക്കും. മണ്ഡലത്തിലെ 350 ഓളം അപേക്ഷകർക്കാണ് ഉപകരണ നിർണയം നടത്തുക. ക്യാമ്പിൽ ഓർത്തോ, പി.എം.ആർ, ഇ.എൻ.ടി, െസെക്യാട്രി വിഭാഗം ഡോക്ടർമാർ അപേക്ഷകരെ പരിശോധിച്ച് ശുപാർശ ചെയ്യും. വീൽച്ചെയർ, ക്രച്ചസ്, വാക്കർ, വാക്കിംഗ് സ്റ്റിക്, ശ്രവണ സഹായികൾ തുടങ്ങിയ നൂറോളം ഉപകരണങ്ങളും കൃത്രിമ കൈകാലുകളും ഒരു മാസത്തിനകം നിർമ്മിച്ച് വിതരണം ചെയ്യും.
> സ്മാർട്ട് ഫോൺ
വികലാംഗക്ഷേമ കോർപറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകി പരിശീലനം നൽകുന്ന 'കാഴ്ച' പദ്ധതിയിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പേർക്കുള്ള പരിശീലനം നാളെ കോഴഞ്ചേരി സ്‌കൂളിൽ നടക്കും. കാഴ്ച പരിമിതി ഉള്ളവർക്കായി തയ്യാറാക്കിയ സ്‌പെസിഫിക്കേഷനുളള ഫോണുകളാണ് നൽകുന്നത്.
3 ജി, 4 ജി, സൗകര്യമുള്ള ഫോണിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇൗസ്പീക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്രവായന, വാർത്തകൾ, വിനോദങ്ങൾ, ഓൺലൈൻ പർച്ചേസ്, ബില്ലടയ്ക്കൽ, ബാങ്കിംഗ് ഇടപാടുകൾ, മത്സര പരീക്ഷകൾ, പഠനം തുടങ്ങിയവയെല്ലാം പ്രത്യേക സോഫ്റ്റ് വെയറിലൂടെ സാധിക്കും. സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങൾ നിൽക്കുന്ന സ്ഥലമറിയാനും ഇനി പോകാനുള്ള ദിശ തിരിച്ചറിയാനും സാധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്നവരെയും ഈ ഫോൺ സഹായിക്കും. മണി റീഡർ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കും.
കൈയുടെയും ചെവിയുടെയും സഹായത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റുന്ന വിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഫോണുകൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകും.
ചലന പരിമിതിയുള്ള ഭിന്നശേഷിക്കാരുടെ സഞ്ചാര സാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മുച്ചക്ര വാഹനങ്ങൾ ഇന്ന് വിതരണം ചെയ്യും.
വാർത്ത സമ്മേളനത്തിൽ വീണാജോർജ് എം.എൽ.എ, ജില്ലാ വനിതാ ശിശു വികസന ഒാഫീസർ എൽ. ഷീജ, രാജുസെൽവം, അഡ്വ. ആർ. ക്യഷ്ണകുമാർ എന്നിവർ പെങ്കടുത്തു.