പത്തനംതിട്ട: കത്തുന്ന വേനൽച്ചൂടിൽ കാട് എരിയുകയാണ്. വനമേഖലയിൽ ഒരു തീപ്പൊരി മതി ആളിപ്പടരാൻ. ചോലകൾ വറ്റി. വന്യമൃഗങ്ങൾക്ക് കുളിക്കാനും കുടിക്കാനും തുളളി വെളളമില്ല. കാട്ടാന ഉൾപ്പെടെയുള്ളവ വെളളവും തീറ്റയും തേടി നാട്ടിലേക്കിറങ്ങുന്നു. തിരിച്ചു കാട്ടിലേക്ക് ഒാടിക്കാൻ കാടിന്റെ കാവൽക്കാരുണ്ട്. പക്ഷെ, അക്രമാസക്തരായ കാട്ടാനകൾക്ക് മുന്നിൽ പരിശീലനമില്ലാത്തതിനാൽ പകച്ചു നിൽക്കുകയാണവർ. കാട്ടാനയെ ഒാടിക്കാൻ പോയി ഫോറസ്റ്റ് വാച്ചർ ആനയുടെ കുത്തേറ്റ് മരിച്ചത് ഇൗയിടെയാണ്. അതീവ ദുർഘടമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ഫോറസ്റ്റ് വാച്ചർമാർക്ക് പരിശീലനമില്ലാതെ ആയുധം നൽകി കാട്ടിലേക്ക് അയയ്ക്കുകയാണ്.
കരികുളം, തണ്ണിത്തോട്, തേക്കുതോട്, ഗുരുനാഥൻ മണ്ണ്, രാജാമ്പാറ തുടങ്ങിയ ഫോറസ്‌റ്റ് സ്റ്റേഷൻ പരിധികളിൽ കാട്ടാനകൾ നാട്ടിലേക്കിറങ്ങി പരാക്രമം കാട്ടുന്നു. ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു മരിച്ച രാജാമ്പാറ സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ ബിജു സംഭവം സമയം ഡ്യൂട്ടി ചെയ്യേണ്ട ആളായിരുന്നില്ല. നയിക്കാൻ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാലാണ് ബിജുവിന് ജീവഹാനിയുണ്ടാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
> പണിയെല്ലാം വാച്ചർക്കും ഗാർഡിനും
ആന നാട്ടിലിറങ്ങിയെന്നു കേട്ടാൽ അവയെ കാട്ടിലേക്ക് തുരത്താനെത്തുന്നത് വാച്ചർമാരും ഗാർഡുകളുമാണ്. ഏറ്റവും ജൂനിയർമാരാണ് ഇവർ. 24 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടവരാണ് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർ. പിന്നീടുളള 24 മണിക്കൂർ അവധി എന്നതാണ് കീഴ് വഴക്കം. എന്നാൽ അവധിയില്ലാതെ തുടർച്ചയായി ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ് ഇവർ. വീട്ടിൽ പോകാൻ കഴിയാതെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. രാജാമ്പാറ സ്റ്റേഷൻ അതിർത്തിയിൽ 42 ചന്ദന മരങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെ അതിൽ 20 എണ്ണം മോഷണം പോയി. അതിനാൽ അവിടെ ബിഎഫ്ഒക്ക് ചന്ദനമരം സൂക്ഷിക്കുന്ന ജോലിയും ഉണ്ട്. കാട്ടു തീ., ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന പാമ്പും, പന്നിയും ഉൾപ്പെടെയുള്ള ജീവികളെ കാട്ടിലെത്തിക്കുക, അപകടത്തിൽപ്പെട്ട മൃഗങ്ങൾക്കു പരിചരണ സംവിധാനം ഒരുക്കുക എന്നീ അധിക ജോലികളും ഇവർ ചെയ്യണം.
ഫോറസ്റ്റ് സ്‌റേഷനുകളിൽ വനിതാ ബി.എഫ്.ഒ മാരെ ഡ്യൂട്ടിക്ക് നിയോഗിക്കാറില്ല. അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ് പ്രശ്നം. വനത്തിനുളള ഡ്യൂട്ടി ചെയ്യുന്നതിന് വനിതാ ബി.എഫ്.ഒ മാർക്ക് പരിമിതികളുണ്ട്. അവരുടെ ജോലി കൂടി ജൂനിയർമാരായ ബി.എഫ്.ഒ മാരിൽ വന്നു ചേരുകയാണ്.
> പരാധീനതകളേറെ
@ കാടുകളിൽ ഉപയോഗിക്കേണ്ട ഷൂസ്, പ്രത്യേക വസ്ത്രങ്ങൾ, സ്വയ രക്ഷയ്ക്കുള്ള ആയുധങ്ങൾ, ആധുനിക വെളിച്ച സംവിധാനങ്ങൾ, വാർത്താ വിനിമയോപാധികൾ എന്നിവ വേണ്ടത്രയില്ലാതെയാണ് ഫോറസ്റ്റ് ഒാഫീസർമാർ കാട് സംരക്ഷിക്കാനിറങ്ങുന്നത്.
@ വോക്കിടോക്കി സംവിധാനം നിലവിലുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. ഉൾക്കാടുകളിൽ മൊബൈൽ ഫോണിന് റേഞ്ച് കിട്ടാറില്ല. എന്തെങ്കിലും സംഭവം നടന്നാൽ റേഞ്ച് കിട്ടുന്നിടം വരെ തിരികെ നടക്കുകയേ മാർഗമുളളൂ
@ആവശ്യത്തിന് ഉപകരണങ്ങളില്ലാതെ കാട്ടിലേക്ക് പോകുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. പരാതിപ്പെട്ടാൽ ചിലപ്പോൾ മേലുദ്യോഗസ്ഥരുടെ ശാസനയേൽക്കേണ്ടി വരുമെന്നതുകൊണ്ട് മിണ്ടാതിരുക്കുകയാണെന്ന് ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാർ പറയുന്നു.
>>>
''
ഫോറസ്റ്റ് ഒാഫീസർമാർക്ക് ശാസ്ത്രീയ പരിശീലനം നൽകണം. വന്യമൃഗങ്ങളെ അകറ്റാൻ പഴഞ്ചൻ തോക്കാണ് കൈവശമുളളത്. തൂപ്പ് വെട്ടിയാണ് കാട്ടുതീ അണയ്ക്കുന്നത്. ഇൗ രീതി മാറ്റി ആധുനിക സജ്ജീകരണങ്ങൾ ലഭ്യമാക്കിയാലേ കാടിനെയും വന്യജീവികളെയും ജൈവ സമ്പത്തിനെയും സംരക്ഷിക്കാനാകൂ.
ചിറ്റാർ ആനന്ദൻ, വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ.
-----------------
വാച്ചർക്കും ഗാർഡിനും തുടർച്ചയായി 24 മണിക്കൂർ ഡ്യൂട്ടി