01-aiyf

റാന്നി: സംഘപരിവാർ പൗരത്വ നിയമത്തിന്റെയും ജാതിയുടേയും ഭാക്ഷയുടെയും പേരിൽ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് പറഞ്ഞു. എ.ഐ.വൈ.എഫ് റാന്നി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപത്തിന്റെ പേരിൽ രാജ്യത്തെ പൗരൻമാരെ രണ്ടു തരക്കാരായി ചിത്രീകരിക്കുകയാണ്.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത പാരമ്പര്യമുള്ളവർ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ദേശസ്‌നേഹികളായി നടിക്കുകയാണ്. ലൗജിഹാദെന്നാരോപിച്ചു സമരം നടത്തുന്നവർ ആർ.എസ്.എസ് നേതാക്കളുടെ അന്യമത വിവാഹങ്ങളെ എന്തു പേരിട്ടു വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു. .ചുവപ്പു ഭീകരതയാണ് കേരളത്തിലെന്നു പറയുന്നവർ കാട്ടിക്കൂട്ടുന്ന അക്രമം ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
സ്വാഗത സംഘം ചെയർമാൻ തെക്കേപ്പുറം വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.ദീപകുമാർ,കെ.സതീഷ്,അനീഷ് ചുങ്കപ്പാറ, ലിസി ദിവാൻ, വി.ടി ലാലച്ചൻ, ടി.പി.അജി, എം.വി. പ്രസന്നകുമാർ, സന്തോഷ് കുര്യൻ എന്നിവർ പ്രസംഗിച്ചു.