nateshan-happy

പന്തളം: സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്വന്തമായി വീടും ഭൂമിയും ഇല്ലാതിരുന്ന രണ്ടു ലക്ഷം പേർക്ക് ലൈഫ് പദ്ധതിയിൽ സ്ഥലവും വീടും നൽകിയ സംസ്ഥാന സർക്കാർ ചെയ്യുന്നത് പുണ്യമാണെന്നും അഭിനന്ദനാർഹമാണെന്നും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ ശിവഗിരി - ശബരിമല തീർത്ഥാടകർക്ക് വേണ്ടി നിർമ്മിച്ച തീർത്ഥാടക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പാവങ്ങളുടെ ഹൃദയത്തുടിപ്പ് മനസ്സിലാക്കി പ്രവർത്തിക്കുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാൻ ജാതി മത വർണ വർഗ വ്യത്യാസമില്ലാതെ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ചെയ്യുന്ന ഈ സത്പ്രവൃത്തിയെ അഭിനന്ദിച്ചാൽ ഞാൻ അവസരവാദിയാണെന്നു പറയും. നല്ലത് ആരു ചെയ്താലും അത് നല്ലതാണെന്ന് പറയും.
ദേവസ്വം ബോർഡിൽ സംവരണം നടപ്പിലാക്കുന്ന വിഷയം വന്നപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു. പതിനഞ്ചു ശതമാനം വരുന്ന മുന്നാക്കക്കാർക്ക് പത്തു ശതമാനം സംവരണം കൊണ്ടുവന്നപ്പോൾ അതു കാട്ടുനീതിയാണെന്നു ഞാൻ പറഞ്ഞു. ഉള്ളത് ഉള്ളതുപോലെ പറയും. ഒത്തു പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, ഡോ. അടൂർ രാജൻ എന്നിവർ സംസാരിച്ചു.