അടൂർ : കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്നു പറയുന്നതായിരിക്കും അടൂർ ഡിപ്പോയുടെ അവസ്ഥ. എം.സി.റോഡും കെ.പിറോഡും സംഗമിക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് അടൂർ. 24 മണിക്കൂറും എം.സി റോഡിൽ ബസ് ഗതാഗതമുണ്ട്.കെ.പി റോഡിൽ രാത്രി പത്ത് കഴിഞ്ഞാൽ ബസ് സർവീസില്ല. കെട്ടാരക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയലുള്ള പ്രധാന ഡിപ്പോ എന്ന നിലയിൽ ഏറെ പ്രതീക്ഷകൾ നാട്ടുകാർക്കും യാത്രക്കാർക്കും ഉണ്ടായിരുന്നു.എന്നാൽ കാലാകാലങ്ങളിൽ വരുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയില്ലായ്മ കാരണം ഡിപ്പോയുടെ ദൈനംദിന പ്രവർത്തനം അനുദിനം കൂപ്പുകുത്തുകയാണ്.50 ഷെഡ്യൂളുകൾക്ക് മുകളിൽ സർവീസുണ്ടെങ്കിൽ ഡി.ടി.ഒ ഒാഫീസ് അനുവദിക്കാമെന്നാണ് കെ.എസ്.ആർ.ടി.സി യുടെ നിബന്ധന. 65ഷെഡ്യൂളുകൾ വരെ എത്തിയെങ്കിലും ഇപ്പോഴും എ.ടി.ഒ ഒാഫീസ് മാത്രമായി ചുരുങ്ങി.സ്വകാര്യ ബസുകളുടെ സഹായിക്കുന്നതിൽ ഏറെ താൽപ്പര്യം കാട്ടുന്ന ഡിപ്പോ അധികൃതർ വരുമാനക്കുറവിന്റെ പേരിൽ ഒട്ടുമിക്ക ഒാർഡിനറി സർവീസുകളും നിറുത്തലാക്കിയതോടെ നിലവിൽ 51ഷെഡ്യൂളുകളായി ചുരുങ്ങി.പേരിൽ 51 ഷെഡ്യൂൾ ഉണ്ടെങ്കിലും തിങ്കളാഴ്ച ദിവസങ്ങളിൽ 42 വരെയും മറ്റ് ദിവസങ്ങളിൽ 38 മുതൽ 40 ഷെഡ്യൂളുകൾ വരെയുമാണ് നിലവിൽ ഒപ്പറേറ്റ് ചെയ്യുന്നത്.
ഡിപ്പോയെ തരംതാഴ്ത്താനുള്ള നീക്കം
ഫലത്തിൽ സബ് ഡിപ്പോയുടെ നിലവാരത്തിലേക്ക് ഡിപ്പോയെ തരംതാഴ്ത്താനുള്ള ഗൂഢനീക്കളാണ് അണിയറയിൽ നടക്കുന്നത്. സ്വകാര്യ ബസുകാരെ സഹായിക്കുന്ന നിലപാട് കാരണം വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി.7.50ലക്ഷം രൂപവരെ പ്രതിദിന വരുമാനം ലഭിച്ചിരുന്ന ഡിപ്പോയിൽ ഇന്ന് ശരാശരി 5.50 മുതൽ 6 ലക്ഷം രൂപവരെയായി.ഉദയഗിരി ഉൾപ്പെടെയുള്ള ഫാസ്റ്റ് പാസഞ്ചറുകളും മോശമല്ലാത്ത വരുമാനം ലഭിച്ചിരുന്ന ഒാർഡിനറി സർവീസുകളും സ്വകാര്യ സർവീസുകളെ സഹായിക്കാനായി നിറുത്തിയതോടെയാണ് ഡിപ്പോയുടെ ദുരവസ്ഥക്ക് തുടക്കമായത്.ഷെഡ്യൂളുകളുടെ എണ്ണത്തിലെ കുറവിന് കാരണമായി പറയുന്നത് ഡ്രൈവർമാരുടെ അഭാവമാണ്.നിലവിലുള്ള ഷെഡ്യൂളുകൾ മുടക്കം കൂടാതെ നടത്തണമെങ്കിൽ 125 ഡ്രൈവർമാർ വേണമത്രേ.എം.പാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 14 പേരുടെ കുറവുണ്ടായി.കാൻസൽ ചെയ്ത പി.എസ്.സി ലിസ്റ്റിൽ നിന്നും 19 പേരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചെങ്കിലും 13പേർ മാത്രമാണ് സ്ഥിരമായി വരുന്നതത്രേ.ഇതാണ് ഷെഡ്യൂളുകളുടെ എണ്ണം കുറയാൻ കാരണം.നിലവിൽ 103 പേർ മാത്രമാണുള്ളത്.22 പേരുടെ കുറവുണ്ട്.ഇത് നികത്താതെ മുഴുവൻ ഷെഡ്യൂളുകളും സർവീസ് നടത്താൻ കഴിയില്ല.