അടൂർ : അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ കൊണ്ട് സമ്പന്നമാക്കിയ നാലാമത് അന്താരാഷ്ട്ര അടൂർ ചലച്ചിത്രമേളയ്ക്ക് കൊടിയിറക്കം. സമാപന ദിവസമായ ഇന്നലെ നാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഇതിൽ ഡോ. ബിജു സംവിധാനം ചെയ്യുകയും 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഒൗട്ട്സ്റ്റാന്റിംഗ് ആർട്ടിസ്റ്റ് അച്ചീവ്മെന്റ് അവാർഡ് ലഭിച്ച വെയിൽ മരങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് തുരുത്തിലെ ജീവിതം അവസാനിപ്പിച്ച് മറ്റ് മർഗ്ഗങ്ങളില്ലാതെ വലഞ്ഞ ഒരു ദളിത് കുടുംബം ഹിമാചൽ പ്രദേശിൽ പോയി അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും ഒടുവിൽ ജോലിനടഷ്ടപ്പെട്ട് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യേണ്ടിവരുന്ന ഒരു കുടുംബത്തിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അന്തരിച്ച പ്രശസ്ത കാമറമാൻ എം. ജെ. രാധാകൃഷ്ണന്റെ സ്മരണയ്ക്കായാണ് വെള്ളിയാഴ്ച റിലീസ് ചെയ്ത ഇൗ ചിത്രം മേളയിൽ പ്രദർശിപ്പിച്ചത്. ശീതയുദ്ധകാലത്ത് രണ്ട് ജർമ്മൻകുടുംബങ്ങൾ നടത്തിയ അതിസാഹസികമായ അതിർത്തി ലംഘനം ചിത്രീകരിച്ച മിഖായേൽ ഹെർബിഗ് സംവിധാനം ചെയ്ത ബലൂൺ എന്ന സിനിമയും 2027 കാലഘട്ടത്തിൽ ലോകം ഭരിക്കുന്ന ബ്രിട്ടൻ അവരുടേതല്ലാത്ത പൗരൻമാരെയെല്ലാം തീവ്രവാദികൾ എന്ന് മുദ്രകുത്തി പീഡിപ്പിക്കുകയും കുട്ടികളൊന്നും ജനിക്കാത്ത ലോകത്ത് ഒരു സ്ത്രീ ഗർഭിണിയാകുകയും അവരെ സംരക്ഷിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നതും തുടർന്നുള്ള സംഭവങ്ങളുടേയും കഥപറയുന്ന ഇംഗ്ളീഷ് ചിത്രമായ ചിൽഡ്രൻ ഒഫ് മൈൻഡ് എന്ന ചിത്രവും ക്യൂബൻ ചിത്രമായ എ ട്രാൻസ്ളറേറ്റർ എന്ന ചിത്രവും കാണികൾക്ക് വേറിട്ട അനുഭവം പകർന്നു. സമാപന സമ്മേളനം സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു. സംവിധായകൻ ഡോ. ബിജു, കണിമോൾ, ഇന്ദുചിന്ത, സി. സുരേഷ് ബാബു, നന്ദലാൽ, ബിജിലാൽ, അനിൽ പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.