അടൂർ : ഭക്തിയുടെ തേരിലേറി ഏഴംകുളത്തമ്മയുടെ തിരുനടയിൽ തപ്പ്, മദ്ദളം, കൈമണി എന്നിവയുടെ താളത്തിനൊപ്പം തൂക്ക് വില്ല് ഉയർന്നു. അന്തരീക്ഷത്തിൽ തൂക്കക്കാർ താളത്തിന് അനുസരിച്ച് പയറ്റുമുറകൾ കാട്ടിയത് കാണാൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തി. ആലവിളക്കിന് ശേഷം ഉൗരാണ്മതൂക്കത്തോടെയായിരുന്ന വഴിപാട് തൂക്കത്തിന് തുടക്കം. ഇതിന് മുന്നോടിയായി തൂക്കാശാൻമാർ ക്ഷേത്രത്തിലെത്തി അടയാള മുദ്രയായ വാളും വില്ലും വാദ്യോപകരണങ്ങളും ശ്രീകോവിലിൽ നൽകി പൂജ നടത്തി. തൂക്കക്കാർ മുഖത്ത് അരിമാവുകൊണ്ട് ചുട്ടികുത്തി കച്ചകെട്ടി തലപ്പാവുമണിഞ്ഞ് ദേവിയെ വണങ്ങി അനുഗ്രഹംവാങ്ങി എത്തിയതോടെ വഴിപാട് തൂക്കം തുടങ്ങി. വാഴാവേലിൽ കുടുംബാംഗമായ ബിജുവായിരുന്നു തൂക്കക്കാരുടെ മുതുകിൽ ചൂണ്ടൽ കൊരുത്തത്. കാഞ്ഞിക്കൽ ആർ. ശിവൻ പിള്ളയും പുത്തൻവിളയിൽ ജി. ശിവൻപിള്ളയുമായിരുന്ന തൂക്കാശാൻമാർ. തൂക്കാശാൻമാർക്ക് ദക്ഷിണനൽകിയശേഷമായിരുന്നു തൂക്കക്കാർ വില്ലേറിയത്. വില്ലിൽ തൂങ്ങിക്കിടന്ന് വാദ്യമേളങ്ങളുടെ താളത്തിന് അനുസൃതമായി ഇടംകൈയിൽ വില്ലും വലംകൈയ്യിൽ വാളമ്പുമേന്തി പയറ്റുമുറകൾ കാട്ടി കരക്കാരും വഴിപാടുകാരും ബന്ധുക്കളും ചേർന്ന് ക്ഷേത്രത്തിന് വലംവച്ചപ്പോൾ ക്ഷേത്രപരിസരം ഭക്തിസാന്ദ്രമായി.

ഇക്കൊല്ലം 196 വളയങ്ങളിലായി 589 തൂക്കവഴിപാടുകൾ ആണ് ഉള്ളത്. ഇതിൽ 27 പേർ കന്നിതൂക്കക്കാരും 13 എണ്ണം കുട്ടികളെ എടുത്തുകൊണ്ടുമുള്ളതാണ്. ഇന്ന് ഉച്ചയോടെ മാത്രമേ തൂക്കവഴിപാട് അവസാനിക്കൂ.