പത്തനംതിട്ട : അടൂർ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ അക്രമത്തിന് പിന്നിൽ സ്ഥാപിത രാഷ്ട്രീയ താൽപര്യമാണെന്ന് ഓർഫനേജ് അസോസിയേഷന്റെയും സ്വാമി വിവേകാന്ദ ബാലാശ്രമത്തിന്റെയും അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിനെട്ട് വർഷമായി നിർദ്ധനരായ കുട്ടികൾക്ക് സംരക്ഷണമൊരുക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനും ചുമതലക്കാരെ അപമാനിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് ചിലർ ശ്രമിക്കുന്നത്. എസ്.ഡി.പി.ഐ, സി.പി.എം പ്രവർത്തകരാണ് ഇതിന് പിന്നിൽ. ആശ്രമത്തിന്റെ ദിനചര്യയുടെ ഭാഗമായ നാമജപത്തിന് എത്താതെ കുഴപ്പക്കാരായ 9 പേർ വിട്ടു നിൽക്കുകയും അന്നദാന സംഭാവന നൽകാൻ എത്തിയ വ്യക്തി ഉപദേശിച്ചപ്പോൾ അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു. പ്രാണരക്ഷാർത്ഥമാണ് അദ്ദേഹം കസേര എടുത്തുവീശിയത്. അങ്ങനെയാണ് വിദ്യാർത്ഥികൾക്ക് അപകടം സംഭവിക്കുന്നത്. സി.പി.എം, എസ്.ഡി.പി.ഐ പ്രവർത്തകർ ആശ്രമത്തിന് മുമ്പിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ ഇറങ്ങി ഓടുകയും പൊലീസിനെക്കൊണ്ട് ആശ്രമം റെയ്ഡ് ചെയ്യിപ്പിക്കുകയും ചെയ്തു. . എല്ലാ വിധ പെർമിറ്റുകളും ലൈസൻസും രജിസ്ട്രേഷനുകളോടും കൂടി 2003 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണിത്. ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തോമസ് വർഗീസ് , ജനറൽ സെക്രട്ടറി തോമസ് കലമണ്ണിൽ, വി.എച്ച്.പി കേരള ജോ. സെക്രട്ടറി വി.ആർ രാജശേഖരൻ, ശബരിഗിരി വർക്കിംഗ് പ്രസിഡന്റ് അജിത്ത് പുല്ലാട്, സ്വാമി വിവേകാന്ദ ബാലാശ്രമം കമ്മിറ്റിയംഗം പ്രൊഫ. എൻ.ആർ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.