തണ്ണിത്തോട്: പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിലേക്ക് ബസ് സർവ്വീസില്ലാത്തതുമൂലം വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നു ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് പത്തനംതിട്ടയിലേയും കോന്നിയിലെയും എലിമുള്ളംപ്ലാക്കലേയും തേക്കുതോട്ടിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി ചേരണമെങ്കിൽ 4 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടോ മൂഴിയിലെത്തണം ഇതിൽ ഒരു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിക്കണം. മണ്ണീറ എൽ.പി.സ്‌കൂളിലെ അദ്ധ്യാപകരും ഗവ: ഹോമിയോ ഡിസ്‌പെൻസറിയിലെ ജീവനക്കാരും ഗതാഗത സൗകര്യമില്ലാത്തതുമൂലം വലയുകയാണ്. മണ്ണീറയിലേക്ക് മുൻപ് കെ.എസ്.ആർ.ടി.സി, സ്വാകാര്യബസുകൾ സർവ്വീസ് നടത്തിയിരുന്നതാണ്. വരുമാന കുറവാണെന്ന കാരണത്താൽ പിന്നീട് സർവ്വീസ് നിറുത്തുകയായിരുന്നു. കോന്നി -​ തണ്ണിത്തോട് റോഡിൽ മുണ്ടോമൂഴി വരെ ബസുകളുണ്ട്. മുണ്ടോമൂഴിയിലേക്കുള്ള യാത്രയ്ക്ക് പലരും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അദ്ധ്യയന വർഷം മുഴുവൻ ഓട്ടോറിക്ഷകളെ ആശ്രയിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. ഇതുമൂലം കാൽനടയാത്രയാണ് പതിവ്. കോന്നിയിൽ നിന്ന് മുണ്ടോമൂഴി വഴി കരിമാൻതോടിനും തണ്ണിത്തോടിനും സർവ്വീസ് നടത്തുന്ന നിരവധി ബസുകളുണ്ട്. ഇവയിൽ രാവിലെയും വൈകിട്ടും ഒരോ ട്രിപ്പുകൾ മണ്ണീറയിലെത്തി പോയാൽ നാട്ടുകാർക്കും പ്രദേശത്തെ വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാകും.ഇതിനായി നിവേദനം നൽകിയതായി ഗ്രാമപഞ്ചായത്തംഗം റ്റിജോ തോമസ് പറഞ്ഞു.