തിരുവല്ല: ആർ.ഡി.ഒ ഒാഫീസിന്റെ മൂക്കിന് താഴെ തോടും റോഡും കൈയേറിയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. വഴി തടസപ്പെടുത്തിയും തോട്ടിലെ നീരൊഴുക്ക് തടസപ്പെടുംവിധം കരിങ്കൽ ഭിത്തികെട്ടിയുമാണ് ഭൂമി കൈയേറിയിരിക്കുന്നത്. ടെമ്പിൽ റോഡിലെ ആർ.ഡി.ഒ ഒാഫീസിനും സബ് കളക്ടറുടെ ക്യാമ്പ് ഒാഫീസിനും സമീപത്ത് നിന്ന് ആരംഭിക്കുന്ന ഇടറോഡിൽ കഷ്ടിച്ച് 100 മീറ്റർ അകലെയായുള്ള പാലത്തിന് സമീപം ഭൂമി കൽഭിത്തി കെട്ടി സ്വകാര്യവ്യക്തി സ്വന്തമാക്കുകയായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിലേക്ക് ഇറക്കി കരിങ്കൽ കെട്ടിയിരിക്കുന്നത് വലിയ വാഹനങ്ങളുടെ യാത്രയ്ക്ക് തടസമാകുന്നു. അപ്രോച്ച് റോഡിന് സമീപത്തായി ഒരു കിണറും സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച തോട്ടിലേക്ക് ഇറക്കിയാണ് ഭിത്തി നിർമ്മിച്ചിട്ടുള്ളത്. ഇറിഗേഷൻ വകുപ്പ് കെട്ടിയ സംരക്ഷണ ഭിത്തിയും സ്വകാര്യവ്യക്തിയുടെ കൽക്കെട്ടിനുള്ളിലായിരിക്കുകയാണ്.

തോടിന്റെ വീതി കുറഞ്ഞതോടെ എതിർവശത്തുള്ള കൽക്കെട്ട് നിലംപൊത്തിയ നിലയിലാണ്. മഴക്കാലത്ത് തോട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ അനധികൃതമായി കെട്ടിയ കൽക്കെട്ട് പാലത്തിന്റെ സംരക്ഷണഭിത്തിക്കും ഭീഷണിയാകും. വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപ്പെട്ട് തോടിന്റെ വശങ്ങൾ ഇടിഞ്ഞുതാഴാനുള്ള സാദ്ധ്യതയുമേറെയാണ്.

പ്രദേശവാസികൾ നഗരസഭ അധികൃതർക്കും ആർ.ഡി.ഒ ഒാഫീസിലും പരാതി നൽകിയിട്ടുണ്ട്.

കൈയേറ്റം ടെമ്പിൾ റോഡിൽ നിന്ന്

100 മീറ്റർ അകലെ,

പാലത്തിനും അപ്രോച്ച് റോഡിനും ഭീഷണി

പ്രദേശവാസികൾ പരാതിയുമായി രംഗത്ത്

ചില രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് കൈയേറ്റം നടന്നിട്ടുള്ളത്. വഴി തടസപ്പെടുത്തിയുള്ള നിർമ്മാണങ്ങൾ പൊളിച്ചു നീക്കണം.

അനീഷ്, പൊതുപ്രവർത്തകൻ