അടൂർ : സർവീസുകളുടെ കാര്യത്തിലും വരുമാനത്തിലും ദൈനംദിന കുറവ് വരുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഡിപ്പോയിൽ പരിമിതികൾ ഏറെ. യാത്രക്കാർക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെങ്കിൽ വലഞ്ഞതുതന്നെ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ശൗചാലയം കാലാവധി കഴിഞ്ഞതോെടെ കെ.എസ്.ആർ.ടി.സിക്ക് കൈമാറി. അന്നു മുതൽ ശൗചാലയത്തിന്റെയും ഗതികേട് തുടങ്ങി. അടുത്തകാലം വരെയും കരാറുകാരായിരുന്നു ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചുവന്നത്. വയൽ നികത്തിയാണ് ഡിപ്പോ നിർമ്മിച്ചിരിക്കുന്നത്.സംഭരണശേഷി കുറവുള്ള സെപ്ടിക് ടാങ്ക് ആയതിനാൽ അതിവേഗം നിറയും. അടിക്കടി ഇത് കോരി നീക്കം ചെയ്യേണ്ട ബാധ്യത കരാറുകാർക്കാണ്.ഒപ്പം ആവശ്യത്തിന് വെള്ളവും ലഭ്യമല്ല. നഷ്ടം സംഭവിക്കുന്നതിനൊപ്പം പുതിയ കരാറിന് ഉയർന്ന തുക ആവശ്യപ്പെട്ടതും കരാറുകാർ പൂർണ്ണമായും കൈയ്യൊഴിയാൻ കാരണമായി. മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുകയാണ്. അടുത്തിടെ ഒരു സി. എൽ. ആർ ജീവനക്കാരിയുടെ സഹായത്തോടെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ മൂത്രപ്പുരമാത്രം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പഴയ സ്റ്റേഷൻ മാസ്റ്റർ ഒാഫീസിനോടു ചേർന്നുള്ള കെട്ടിടത്തിന്റെ മുകളിലെത്ത നിലയിൽ സ്ത്രീകൾക്കായി വിശ്രമകേന്ദ്രം തുറന്നെങ്കിലും വെള്ളത്തിന്റെ അപര്യാപ്തതയാൽ ഇവിടുത്തേയും ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയില്ല. മൂത്രപ്പുര പ്രവർത്തിക്കുന്നത് വഴി ലഭിക്കുന്ന തുകയ്ക്ക് വ്യക്തമായ കണക്കുകളുമില്ല. ഇതും കെ. എസ്. ആർ. ടി. സി ക്ക് നഷ്ടമാണ് വരുത്തുന്നത്.

ജീവനക്കാരുടെ ക്യാന്റീന്റെ പ്രവർത്തനം നിലച്ചിട്ടും ഒന്നര വർഷത്തോളമാകുന്നു. കുടിശിക കാരണം വാട്ടർ അതോററ്റി കണ്ക്ഷൻ കട്ടുചെയ്തു. ഡെപ്പോസിറ്റിനും വടകയ്ക്കും ഉയർന്ന തുക ഇൗടാക്കാൻ തുടങ്ങിയതോടെയാണ് ക്യാന്റീൻ അടച്ചുപൂട്ടിയത്. ഇതോടെ ജീവനക്കാർക്ക് കുറഞ്ഞ തുകയിൽ ഭക്ഷണം ലഭ്യമായിരുന്നതും തടസ്സപ്പെട്ടു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോയെ കെ. എസ്. ആർ. ടി. സി യിലെ ഉന്നത ഉദ്യോഗസ്ഥർ മനപൂർവ്വം തഴയുന്നതിനാൽ അടുത്തെങ്ങും മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയുമില്ല. (അവസാനിച്ചു)

അടൂർ ഡിപ്പോയെ തകർക്കാൻ എ. ടി. ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമം തീർത്തും അപലപനീയമാണ്. ഉന്നത ഉദ്യോഗസ്ഥരും ഇവരുടെ ശ്രമങ്ങൾക്ക് കുടപിടിക്കുകയാണ്. ഇക്കാര്യത്തിൽ അടൂരിന്റെ ജനപ്രതിനിധിയായ ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.

സേവ് അടൂർ കെ. എസ്. ആർ. ടി. സി ഫോറം.