vellam

സീതത്തോട്: സർക്കാർ ആശുപത്രിയിലും ഒാഫീസുകളിലും എത്തുന്നവർക്ക് ദാഹജലവുമായി കുട്ടിപ്പൊലീസ്. വരണ്ട വേനലിൽ ഒരു കുമ്പിൾ ദാഹജലം എന്ന പദ്ധതിയുടെ ഭാഗമായാണ് സീതത്തോട് കെ.ആർ.പി.എം എച്ച്. എസ്. എസിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ കുടിവെളളം വിതരണം ചെയ്തത്. മൺകലത്തിലാണ് വെളളം ശേഖരിച്ചത്. എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാലര വർഷമായി ഒരു പൊതിച്ചോറ് അശരണർക്കായി എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വ്യാഴാഴ്ചയും മരിയഭവനിൽ പൊതിച്ചോറ് നൽകിവരുന്നു. ലഹരി വിമുക്ത സീതത്തോട് പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്.

എന്റെ മിത്രം ഞങ്ങളുടെ മിത്രം പരിപാടിയിൽ 3,5,9 ക്ളാസുകളിലെ ഒാരോ കുട്ടികളെ വീതം ദത്തെടുത്ത് പഠനച്ചെലവുകൾ നടത്തിവരുന്നു. എന്റെ മനസും കയ്യും സഹപാഠിക്കായി എന്ന പരിപാടിയിൽ രണ്ട് മുതൽ പ്ളസ് ടു വരെയുളള കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്.ഉമ, സി.പി.ഒ മനോജ് ബി.നായർ, എ.സി.പി.ഒ പി.ടി.ശാന്തി, രാജീവ് കൃഷ്ണൻ, ചിഞ്ചു ബോസ് തുടങ്ങിയവരാണ് പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.