അടൂർ : സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പിങ്ക് പൊലീസ് സംവിധാനം അടൂർ സബ്ഡിവിഷൻ പരിധിയിൽ ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി കെ. ജി സൈമൺ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സിന്ധു തുളസീധര കുറുപ്പ് അദ്ധ്യക്ഷയായിരുന്നു.
അടൂർ ഡി വൈ. എസ് പി ജവഹർ ജനാർഡ്, റിട്ട. എസ്. പി തോമസ് ജോൺ
സി.ഐ മാരായ അൻഷാദ്, റ്റി.ഡി.ബിജു, ജയകുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം കെ.ബി അജി, റോഷൻ ജേക്കബ്ബ്, എസ്.ഐ കെ.കെ സുജാത എന്നിവർ പ്രസംഗിച്ചു.
ഡ്രൈവർ ഉൾപ്പെടെ പൂർണമായും വനിതകൾ കൈകാര്യം ചെയ്യുന്ന പിങ്ക് പട്രോൾ വാഹനം സ്കൂൾ, കോളേജ്, ഓഫീസുകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പട്രോൾ നടത്തും. ഇത് സ്ത്രീകളിൽ സുരക്ഷിത ബോധം വർദ്ധിപ്പിക്കും. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യൽ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കളുടെ വിൽപ്പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പൊലീസിന്റെ സാന്നിദ്ധ്യം സഹായിക്കും. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങൾ ഉടൻ പട്രോൾ വാഹനത്തിന് കൈമാറും. 1515ആണ് പിങ്ക് പട്രോൾ കൺട്രോൾ റൂമിന്റെ നമ്പർ. സ്ത്രീസുരക്ഷയ്ക്കായി ഈ നമ്പരിലേക്ക് എപ്പോഴും വിളിക്കാം.