arrest
libu

തിരുവല്ല: കൊലപാതകം ഉൾപ്പെടെ നിരവധി വധശ്രമ കേസുകളിലെ പ്രതി സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. തിരുവല്ല നഗരസഭയിലെ കോട്ടാലി മണക്കാല വീട്ടിൽ ലിബു എം രാജേന്ദ്രൻ (34) നെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിൽ നിരവധി വധശ്രമകേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന മാവേലിക്കര സണ്ണി വധക്കേസിൽ പ്രതിയായിരുന്നു. ആഢംബര കാറുകളിലെത്തി സംഘാംഗങ്ങളോടൊപ്പം ചേർന്ന് അക്രമം നടത്തുകയും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും. ഇയാളുടെ നേതൃത്വത്തിൽ സമീപ കാലത്തായി തിരുവല്ല, പുളിക്കീഴ്, ചങ്ങനാശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയയും ഗുണ്ടാസംഘവും പ്രവർത്തിക്കുന്നുണ്ടായുരുന്നെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ പല ഗുണ്ടാ സംഘാംഗങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്. ആഡംബര കാറുകളിൽ സംഘാഗങ്ങളുമായി സഞ്ചരിച്ച് മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാരകമായി ഉപദ്രവിക്കുന്നതാണ് ഇവരുടെ രീതി. ഏതാനും മാസങ്ങൾക്ക് മുമ്പ് പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ യുവാവിനെയും വ്യദ്ധമാതാവിനെയും വീട്ടിൽ കയറി വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയശേഷം പുളിക്കീഴ് ബാറിന് സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈകേസിൽ ഇയാളും കൂട്ടാളിയും ഒളിവിൽ കഴിയുന്നതിനിടെ രണ്ട് പ്രതികളെ കഴിഞ്ഞദിവസം പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുൾപ്പെട്ട രാഹുൽ നിരവധി കഞ്ചാവ് കേസിലും പൊലീസിനെ ഉൾപ്പെടെ കുരുമുളക് സ്പ്രേ അടിച്ച കേസിലും പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺന്റെ നിർദ്ദേശാനുസരണം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസിന്റെ മേൽനോട്ടത്തിൽ തിരുവല്ല സി.ഐ പി.ആർ സന്തോഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ മാരായ ആർ.എസ് രഞ്ജു, രാധാകൃഷ്ണൻ.എസ്, എ.എസ്.ഐമാരായ എസ്.വിൽസൺ,ടി.ഡി.ഹരികുമാർ, ആർ.അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, സുജിത്ത്, അഖിലേഷ്, നവീൻ, സജിത്ത് രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.