അടൂർ : കൃഷി ഭവന്റെ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി ഓഫീസിലെ ജീവനക്കാരാണ് ഗ്രോബാഗിലെ വിളകൾക്ക് വെള്ളവും വളവും നല്കി ജൈവ പച്ചക്കറി കൃഷിത്തോട്ടം സംരക്ഷിച്ചത്.അൻപതോളം ഗ്രോബാഗുകളിലായിരുന്നു കൃഷിയിറക്കിയത്.രാസവളം ഉപയോഗിക്കാതെ പൂർണമായും ജൈവവളത്തിൽ വിഷരഹിത പച്ചക്കറിയാണ് ഉല്പാദിപ്പിച്ചത്.ചീര,പച്ചമുളക് ,കാബേജ്, വെണ്ട,തക്കാളി,പയർ എന്നിവയാണ് കൃഷി ചെയ്തത്.കൃഷി ഒാഫീസർ മോളു ടി.ലാൽസൺ,കൃഷി അസിസ്റ്റന്റ് ആർ.സന്തോഷ് എന്നിവരുടെ സഹായവും ലഭിച്ചു.തിരക്ക് കാരണം എല്ലാ ദിവസവും വെള്ളം ഒഴിക്കാൻ കഴിയാതെ വന്നാലോ എന്ന കാഴ്ചപാടിൽ തിരിനന സംവിധാനവും ഏർപ്പെടുത്തിയിരുന്നതിനാൽ നൂറ്മേനി വിളവെളുക്കാനും കഴിഞ്ഞു.ചടങ്ങിൽ ഡി.വൈ.എസ്.പി ജവഹർജനാർഡ്,നഗരസഭാ ചെയർപേഴ്സൺ സിന്ധു തുളസീധരക്കുറുപ്പ്,പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം കെ.ബി അജി എസ്.ഐ കെ.കെ.സുജാത എന്നിവർ പങ്കെടുത്തു.