തിരുവല്ല: വൈദ്യുതിയില്ലാതിരുന്ന നഗരത്തിലെ തൈമലയിൽ സൗരോർജ്ജ വഴിവിളക്ക് സ്ഥാപിച്ചു. ഇവിടുത്തെ ലെവൽക്രോസ് വരെ ഏകദേശം 650 മീറ്റർ റോഡ് വൈദ്യുതി എത്തിയിട്ടില്ലാത്തതിനാൽ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നില്ല. എന്നാൽ സൗരോർജ്ജത്തിന്റെ സഹായത്തോടെ ഏറെക്കാലമായുള്ള പ്രശ്‌നത്തിന് പരിഹാരമായി. അമ്പതോളം കുടുംബങ്ങളും ആശുപത്രിയും സ്ഥിതി ചെയ്യുന്ന തൈമലയുടെ തെരുവുകളിളെല്ലാം ഇനി രാത്രിയിലും പ്രകാശപൂരിതമാകും. രാത്രി മുഴുവനുമോ 8 മണിക്കൂർ തുടങ്ങിയ സമയക്രമങ്ങളിലോ പ്രകാശിക്കുന്നതിനുളള സാങ്കേതികത ഇതിന്റെ സവിശേഷതയാണ്. തിരുവല്ല മുനിസിപ്പാലിറ്റിയും സുദർശനം നേത്ര ചികിത്സാലയവും സംയുക്തമായി വഴിവിളക്കുകൾ തെളിയിക്കുന്നതിനുള്ള പദ്ധതി യാഥാർത്ഥ്യമാക്കുകയാണ്. മൂവ്മെന്റ് സെൻസർ ഘടിപ്പിച്ചിട്ടുള്ളതിനാൽ ആളനക്കത്തിന് അനുസരിച്ച് പ്രകാശം ചലനാത്മകമായി ക്രമീകരിക്കും. മാത്രമല്ല ഇരുട്ട് പരക്കുന്നത് മനസ്സിലാക്കിയും വിളക്കുകൾ യാന്ത്രികമായി പ്രവർത്തിക്കും. പുതിയ വിളക്കുകളുടെ ലഭ്യതയനുസരിച്ചു പദ്ധതി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വാർഡ് കൗൺസിലർ കൃഷ്ണകുമാരി, ക്ഷീരകർഷകനായ ജോർജ് വർക്കി എന്നിവരുടെ ആശയമാണ് ഇവിടെ യാഥാർത്ഥ്യമാവുന്നത്. വൈദ്യുതി ലൈൻ ലഭ്യമായ സ്ഥലങ്ങളിൽ വരെ നഗരസഭ വഴി വിളക്കുകൾ തെളിക്കും. വൈദ്യുതി എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ സുദർശനം നേത്രചികിത്സാലയം സൗരോർജ്ജ വിളക്കുകളുമാണ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, സുദർശനം നേത്രചികിത്സാലയം മാനേജിംഗ് ഡയറക്ടർ ഡോ. ബി.ജി. ഗോകുലൻ എന്നിവർ ചേർന്ന് ആദ്യ സൗരോർജ വിളക്ക് തെളിയിച്ചു കൊണ്ട് നിർവഹിച്ചു.