പത്തനംതിട്ട : സെർവർ തകരാറിലായതിനാൽ വിവിധ അപേക്ഷകൾ അയക്കാനാകാതെ ജില്ലയിൽ വലഞ്ഞത് ആയിരങ്ങൾ. ഇന്നലെ രാവിലെ 10 മണി മുതൽ ഇ-ഡിസ്ട്രിക്ട്, പരിവാഹൻ, യു.ടി.ഐ, സേവന, റെലീസ് (റെവന്യൂ ലാൻഡ് ഇൻഫർമോഷൻ സിസ്റ്റം), മോട്ടോർ വെഹിക്കിൾ തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സൈറ്റുകളും പണിമുടക്കിയിരുന്നു. അക്ഷയ കേന്ദ്രങ്ങളിൽ ഒരു സൈറ്റും ലഭിച്ചില്ല. പതിനൊന്ന് മണി മുതലാണ് പ്രശ്നം കണ്ടുതുടങ്ങിയതെന്ന് അക്ഷയ അധികൃതർ പറഞ്ഞു. പിന്നീടാണ് തിരുവനന്തപുരത്ത് സെർവർ തകരാറിലായതാണ് കാരണം എന്ന് മനസിലായത്. ജില്ലയിൽ മാത്രമല്ല കേരളം മുഴുവൻ ഇതുതന്നെ ആയിരുന്നു അവസ്ഥ. ഉടൻ ശരിയാക്കും എന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും രാത്രി വൈകിയും സൈറ്റ് ലഭ്യമായില്ല.

ഇ-ഡിസ്ട്രിക്ട്

ജനങ്ങൾക്ക് പൊതു സേവന കേന്ദ്രങ്ങൾ വഴിയും വെബ് പോർട്ടൽ വഴിയും സർക്കാരിന്റെ സേവനങ്ങൾ നൽകാൻ നടപ്പിലാക്കിയ പദ്ധതിയാണ് ഇ -ഡിസ്ട്രിക്ട്. ഇതുവഴിയാണ് വിവിധ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നത്. കെ.എസ്.ഇ.ബി ബില്ലുകൾ, വരുമാന സർട്ടിഫിക്കറ്റ് പോലെ വില്ലേജ് ഓഫീസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ ലഭ്യമാകുന്നതും അപേക്ഷിക്കുന്നതും ഇ - ഡിസ്ട്രിക്ട് സൈറ്റിലൂടെയാണ്.

"കെ.എസ്.ഇ.ബി ബില്ല് അടയ്ക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. രാവിലെ മുതൽ അതിന് കയറി ഇറങ്ങുവാ. ഇന്ന് അടച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. രാവിലെ മുതൽ സൈറ്റ് കിട്ടുന്നില്ലെന്നാ പറയുന്നേ. "

ഷിബു, പത്തനംതിട്ട

"രാവിലെ മുതൽ പ്രശ്നമാണ്. തിരുവനന്തപുരത്തെ സെർവർ തകരാറിലായതാണ് കാരണം. എത്രയും വേഗം തന്നെ സൈറ്റ് തയാറാകും. "

ഷൈൻ

അക്ഷയ കോ-ഓർഡിനേറ്റർ