പത്തനംതിട്ട: ജില്ലാ പൊലീസ് ആസ്ഥാനത്ത് കാന്റീൻ തുറക്കുന്നതും കാത്ത് ജില്ലയിലെ പൊലീസുകാർ. അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാമ്പിൽ കാന്റീൻ ഉണ്ടെങ്കിലും ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നുളള യാത്രാ ദൂരം കാരണം പൊലീസുകാർ അങ്ങോട്ടു പോകാറില്ല. ജില്ലാ പൊലീസ് ആസ്ഥാനത്തോട് ചേർന്ന് പുതിയ കാന്റീന് വേണ്ടി കെട്ടിടം ഒരുക്കി മിനുക്കുപണികൾ പൂർത്തിയാക്കിയെങ്കിലും സാധനങ്ങൾ മാത്രം എത്തിയില്ല. ആറ് മാസം മുൻപ് ഫർണിച്ചറും കമ്പ്യൂട്ടറുകളും എത്തിച്ചിരുന്നു. എ.സിയും സ്ഥാപിച്ചിട്ടുണ്ട്. സാധനങ്ങൾ എത്തിക്കാൻ കമ്പനികൾക്ക് ഒാർഡർ നൽകിയിരുന്നു. എന്നാൽ, കാന്റീനെതിരെ ആരോ അട്ടിമറി നടത്തിയതിനെ തുടർന്ന് സാധനങ്ങൾ എത്തിയില്ലെന്ന് ഒരു വിഭാഗം പൊലീസുകാർ പറയുന്നു.

പട്ടാള ക്യാന്റീനിലെപ്പോലെ മദ്യം ഒഴികെയുളള എല്ലാ സാധനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനാണ് പൊലീസ് കാന്റീനു വേണ്ടി ഏഴ് വർഷം മുൻപ് ശ്രമം നടത്തിയത്. ഇതിനായി പൊലീസുകാരിൽ നിന്ന് 2500രൂപ വീതം പിരിച്ച് 10ലക്ഷം രൂപ സമാഹരിച്ച് ഡെപ്പോസിറ്റ് ചെയ്യുകയുണ്ടായി. പത്തനംതിട്ടയിൽ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാമ്പിൽ താൽക്കാലികമായി തുടങ്ങിയതാണ് ഇപ്പാേഴത്തെ കാന്റീൻ. പിന്നീട് പത്തനംതിട്ടയിൽ സ്ഥലം കണ്ടെത്തിയെങ്കിലും കാന്റീൻ അടൂരിൽ തന്നെ നിലനിറുത്താൻ ഒരു വിഭാഗം കരുക്കൾ നീക്കി.

പൊലീസ് ചീഫുമാരായിരുന്ന ശ്രീനിവാസനും ടി.നാരായണനും പുതിയ പൊലീസ് കാന്റീൻ പത്തനംതിട്ടയിൽ തുറക്കുന്നതിനുളള നടപടികൾ എടുത്തതിനെ തുടർന്നാണ് ജില്ലാ പൊലീസ് ആസ്ഥാനത്തോട് ചേർന്ന് പുതിയ കെട്ടിടം കണ്ടെത്തിയത്. നിലവിലെ പൊലീസ് ചീഫ് വരെയുളള പൊലീസുകാർക്കും പെൻഷനായവർക്കും പ്രയോജനപ്പെടുന്നതാണ് ക്യാന്റീൻ. മുപ്പത് മുതൽ അൻപത് ശതമാനം വരെ വിലക്കിഴിൽ ഗൃഹോപകരണങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും അടങ്ങുന്ന സാധനങ്ങൾ ലഭിക്കും.

ജില്ലയിൽ പട്ടാളക്കാർക്കായി ഒാമല്ലൂരിലും അർദ്ധസൈനിക വിഭാഗങ്ങൾക്കായി വളളിക്കോട്ടും കാന്റീൻ പ്രവർത്തിക്കുന്നുണ്ട്.

>> കാന്റീൻ പ്രയോജനപ്പെടുന്നത്

1. ജില്ലയിലെ 1300 പൊലീസുകാർക്ക്

2. റിട്ട.പൊലീസുകാർക്ക്

>> നിലവിലെ കാന്റീൻ അടൂർ എസ്.എ.പി ക്യാമ്പിൽ

> യാത്രാ സൗകര്യം കുറവെന്ന് പരാതി