തിരുവല്ല: കടുത്ത വേനലിലും സമൃദ്ധമായിരുന്ന അപ്പർകുട്ടനാട്ടിലെ തോടുകളും പലതും വറ്റി. പാടശേഖരങ്ങളിൽ വെള്ളം കിട്ടാതെ കതിരുകൾ വന്ന നെൽച്ചെടികൾ ഉണങ്ങുന്നതിനാൽ കർഷകരും ആശങ്കയിലാണ്. കാക്കാട്ട് കടവ് - ഇടിഞ്ഞില്ലം - പെരുന്തുരുത്തി തോടും വറ്റിയതോടെ പോള നിറഞ്ഞു. ഇതുകാരണം പെരിങ്ങര കൃഷിഭവന്റെ പരിധിയിലെ വേങ്ങൽ ഇരുകര, പൊരിയനടി, കരിഞ്ചെമ്പ്, തോട്ടുപുറം പാടശേഖരങ്ങളിൽ വെള്ളം കിട്ടുന്നില്ല. പാടശേഖരങ്ങളിൽ മൂന്നു മാസത്തോളം പ്രായമായ നെൽച്ചെടികളാണ് വെള്ളംകിട്ടാതെ നശിക്കുന്നത്. പെട്ടിയും പറയും എല്ലാ പാടശേഖരങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും തോടുകളിൽ വെള്ളം ഇല്ലാത്തതിനാൽ പാടത്തേക്ക് വെള്ളം കയറ്റാനാകുന്നില്ല. തിരുവല്ല, ചങ്ങനാശ്ശേരി താലൂക്കുകളുടെ അതിർത്തി പ്രദേശമായ പൂവ്വം ഭാഗത്തു നിന്ന് ചാലുവെട്ടി വെള്ളം എത്തിക്കാനുള്ള കർഷകരുടെ പരിശ്രമവും ഫലം കണ്ടില്ല. അടിയന്തിരമായി നടപടി ഉണ്ടായില്ലെങ്കിൽ നെല്ല് കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പെരിങ്ങര പഞ്ചായത്തിലെ കുറെ തോടുകൾ പലഘട്ടങ്ങളിലായി തെളിച്ചു ആഴംകൂട്ടിയെങ്കിലും പകുതിയോളം തോടുകൾ പുനരുജ്ജീവനമില്ലാതെ നശിക്കുകയാണ്. പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും പല തോടുകളിലും അടിഞ്ഞുകൂടി കിടക്കുകയാണ്. ചെളിയും എക്കലും നീക്കി ആഴംകൂട്ടിയില്ലെങ്കിലും വീണ്ടും ദുരിതം അനുഭവിക്കേണ്ടി വരും. സർക്കാർ തലത്തിൽ ഇക്കാര്യങ്ങൾ തീരുമാനിച്ചെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
നശിക്കുന്നത് 90 ദിവസമായ നെൽച്ചെടികൾ
തോടുകളിൽ ചെളി നിറഞ്ഞു,
ആഴം കൂട്ടാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല
പതിര് വിളയിച്ച് വരിനെല്ല്
പൊരിവെയിലിൽ നെൽച്ചെടികൾക്ക് വെള്ളം കിട്ടാതെ വലയുന്നതിനിടെ കർഷകരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് വരിനെല്ല്. പാടത്ത് നെൽച്ചെടി പോലെ വളർന്നുവരുന്ന പലതും അരിയില്ലാത്ത വരിനെല്ലാണെന്നതിനാൽ ഇത്തവണ നഷ്ടം കൂടുമെന്നു കർഷകർ പറയുന്നു. നാഷണൽ സീഡ് കോർപ്പറേഷൻ മുഖാന്തിരം ലഭിച്ച നെൽവിത്തിൽ ഏറെയും വരിനെല്ലായി മാറിയെന്നും കർഷകർ ആരോപിച്ചു.
കൃഷി ഉപേക്ഷിക്കേണ്ടി വരും
പാടത്തു വെള്ളം എത്തിക്കാൻ സൗകര്യം ഒരുക്കിയില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരും. ഇത് വായ്പയെടുത്ത കൃഷി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കും.
കുര്യൻ ജോബ്
സെക്രട്ടറി. തോട്ടുപുറം പാടശേഖരം