അടൂർ : നാല് ദിവസമായി കുടിവെള്ളവും കാത്ത് പൊതുടാപ്പിന് മുന്നിൽ കാത്തുനിൽപ്പാണ്.... ഇപ്പോൾ വരും, നാളെ വരും എന്ന പ്രതീക്ഷയുമായി ദിവസങ്ങൾ തള്ളിനീക്കിയിട്ടും പൈപ്പിൽ വെള്ളമെത്തുന്നില്ല.- . അടൂർ നഗരസഭ നാലാംവാർഡിലെ ഇന്ദിര എന്ന വീട്ടമ്മയുടെ പരിദേവനമാണിത്. പൈപ്പിൽ വെള്ളമെത്തുന്നതും കാത്തുകഴിയുന്ന നൂറുകണക്കിന് വീട്ടമ്മമാരാണ് അടൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമുള്ളത്. മുമ്പില്ലാത്ത വിധം വരൾച്ച രൂക്ഷമായതോടെ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. വാട്ടർ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്നുമില്ല. .അടൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജലവിതരണം കഴിഞ്ഞ അഞ്ച് ദിവസമായി മുടങ്ങി. ഹോട്ടലുകൾ, , ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പൈപ്പിലൂടെ വെള്ളമെത്തിയിട്ട് ദിവസങ്ങളാകുന്നു. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ ജനുവരി അവസാനത്തോടെ വറ്റിവരണ്ടു. മുൻകാലങ്ങളിൽ ടാങ്കറുകളിൽ ശുദ്ധജലമെത്തിച്ചുവന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കുറി ജനങ്ങളുടെ രക്ഷയ്ക്കെത്തുന്നില്ല.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ട വാർഡ് മെമ്പർമാരോടും ജനം പരാതിപറഞ്ഞു മടുത്തു.
-----------------
കാര്യം നിസാരം
പ്രശ്നം ഗുരുതരം
കൈപ്പട്ടൂർ പമ്പ് ഹൗസിലെ പഴയ രണ്ടു പമ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിന്റെ പേരിലാണ് കുടിവെള്ള വിതരണം ഒരാഴ്ചയായി മുടങ്ങിയത്. പമ്പിംഗ് പുനരാരംഭിച്ചാലും എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. ഉപഭോഗം കൂടിയതും വെള്ളം കുറവുമായതിനാൽ ഒരോ മേഖല തിരിച്ചാണ് ഇപ്പോൾ വെള്ളം എത്തിക്കുന്നത്. അതിനാൽ തുടർച്ചയായി ഒരു മേഖലകളിലും വെള്ളം കിട്ടുകയുമില്ല.
-------------------
കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനും ഒാരോ മേഖലിയിലെ പ്രശ്നങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ യോഗം വിളിച്ചുചേർത്തുതുടങ്ങി. കൊടുമൺ, ഏഴംകുളം പഞ്ചായത്തുകളിലെ യോഗം പൂർത്തിയായി.
ചിറ്റയം ഗോപകുമാർ എം. എൽ. എ .
----------------------
കുടിവെള്ള വിതരണം നടത്തുന്നത് സംബന്ധിച്ച് സർക്കാരിന്റെ നിർദ്ദേശം ലഭിച്ചുകഴിഞ്ഞു. അടുത്ത ദിവസം ചേരുന്ന കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി കുടിവെള്ള ക്ഷാമം നേരിടുന്ന ഇടങ്ങളിലെല്ലാം വെള്ളം ലഭ്യമാക്കും.
ജി. പ്രസാദ്,
വൈസ് ചെയർമാൻ,
അടൂർ നഗരസഭ