നാരങ്ങാനം:​ ഗ്രൂപ്പ് ഫാമിംഗിലൂടെ അരനൂറ്റാണ്ടിലേറെയായി വിജയകരമായി നെൽക്കൃഷി നടക്കുന്ന നാരങ്ങാനം പുന്നോണ് പാടശേഖരത്തിലേക്ക് റാമ്പ് നിർമ്മിക്കുന്നതിന് 41 ലക്ഷം രൂപ അനുവദിച്ചു. പാടശേഖരത്തിന്റെ അരികിൽ കൂടിയും മദ്ധ്യത്തിലൂടെയും പോകുന്ന തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും, ഈ തോടുകൾക്ക് പാലങ്ങൾ നിർമ്മിക്കുന്നതിനും കൂടി ഈ തുക വിനിയോഗിക്കും. വീണാ ജോർജ് എം.എൽ.എ.യ്ക്ക് കർഷകർ നൽകിയ നിവേദനത്തെ തുടർന്നാണ് മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് തുക അനുവദിച്ചത്. ടെൻഡൻ നടപടി പൂർത്തീകരിച്ചെങ്കിലും പണി ആരംഭിച്ചിട്ടില്ല. കാലവർഷം തുടങ്ങുന്നതിന് മുമ്പ് തോടിന്റെ അറ്റകുറ്റപണികൾ തീർത്ത് റാമ്പ് പണിയണമെന്ന് കർഷകർ ആവശ്യപ്പെട്ടു.