തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച നിരീക്ഷണ കാമറയും കേബിളുകളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കടപ്ര ഗ്രാമപഞ്ചായത്തിലെ മോസ്‌ക്കോപ്പടി സ്റ്റെല്ലാ മേരീസ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയും അനുബന്ധ കേബിളുകളുമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. നിർമ്മലം നിർഭയം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷമാണ് കാമറകൾ സ്ഥാപിച്ചത്. കടപ്ര പഞ്ചായത്തിൽ 11 എണ്ണവും നെടുമ്പ്രം പഞ്ചായത്തിൽ 4 എണ്ണവും ഉണ്ടായിരുന്നു. കേബിൾ വഴി ബന്ധിക്കുന്ന കാമറകളുടെ വിഷ്വൽ മോണിറ്ററിംഗ് യൂണിറ്റ് പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറും നിരീക്ഷിക്കാവുന്ന വിധത്തിലാണ് . ഇവ സ്ഥാപിച്ചശേഷം ഒട്ടേറെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിച്ചിരുന്നു. കാമറകൾ നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാമോഹൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അഡ്വ.എം.ബി.നൈനാൻ എന്നിവർ അറിയിച്ചു.