04-mokshagiri-1
വാസ്തുഭൂഷൺ മോഷഗിരിമഠം രമേഷ് ശർമ്മ

പത്തനംതിട്ട: ഗാനഗന്ധർവൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് വാസ്തുഭൂഷൺ മോഷഗിരിമഠം രമേഷ് ശർമ്മ ആവശ്യപ്പെട്ടു. പത്തനംതിട്ട പൂവൻപാറ മലങ്കോട്ട ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മലയാളക്കരയിലെ ഒട്ടുമുക്കാൽ ക്ഷേത്രങ്ങളിലും നട തുറന്നാൽ യേശുദാസിന്റെ ഭക്തിഗാനങ്ങളാണ് മുഴങ്ങുന്നത്. ഒരു സാധാരണ ഭക്തനെ ഭക്തിയുടെ പരകോടിയിൽ എത്തിക്കാൻ യേശുദാസിന്റെ സ്വരമാധുര്യത്തിന് കഴിയും. സമ്പൂർണ്ണനായ ഈശ്വര ഭക്തൻ കൂടിയാണ് ആദ്ദേഹം .അങ്ങനെയുള്ള ഒരു മഹത് വ്യക്തിയെ ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റാതിരുന്നാൽ വരും തലമുറ നമ്മേ ശപിക്കും. ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങൾ അനുസരിച്ച് ക്ഷേത്ര ദർശനം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തരായ എല്ലാ ഭാരതീയരേയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്സവത്തോടനുബന്ധിച്ച് പൂവൻപാറ മലങ്കോട്ട ക്ഷേത്രത്തിൽ പടയണി, അന്നദാനം, കോട്ടയിറക്കം, കോട്ടകയറ്റം, ദീപാരാധന തുടങ്ങിയ ചടങ്ങുകൾ നടന്നു. ക്ഷേത്രം തന്ത്രി വിഷ്ണു ദേവ് ശർമ്മ,​ മേൽശാന്തി മഹേഷ് പോറ്റി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.