മലയാലപ്പുഴ: കടവുപുഴയിലെ കൂറ്റൻ ഇലവുമരത്തിൽ ഇക്കൊല്ലവും പതിവു തെറ്റിക്കാതെ തേനീച്ചകളെത്തി. വനത്തിലെ വലിയ മരങ്ങളിൽ കൂട്ടമായി വസിക്കുന്ന പെരുംതേനീച്ചകളാണിത്. എല്ലാ വർഷവും മാർച്ച് , ഏപ്രിൽ മാസങ്ങളിലെത്തുന്ന ഇവ തേൻ കുടുകൾ കൊണ്ട് ഇലവുമരം നിറയ്ക്കും 60 തിൽപരം വർഷങ്ങൾ പഴക്കമുള്ള ഈ കുറ്റൽ ഇലവുമരം കല്ലാറിന്റെ തീരത്താണ്. ഒരുവശത്ത് വനവും മറുവശം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബ്ബർത്തോട്ടവും. നാട്ടുകാർ വർഷം തോറും രാത്രി സമയങ്ങളിൽ ഇൗ മരത്തിൽ നിന്ന് തേൻ ശേഖരിക്കും.
കെട്ടിതൂക്കിയ കോവേണികളിൽ വടവും ചൂട്ടു കറ്റകളുമായി തേനെടുക്കുന്നത് വളരെ സാഹസികമായ പണിയാണ്. പാട്ടകണക്കിന് തേനാണിവിടെ നിന്ന് ശേഖരിക്കുന്നത് പകൽ സമയങ്ങളിൽ പരുന്ത് തേനടകളിൽ കൊത്തുമ്പോൾ ഇവയിളകി പറക്കും.
25 വർഷങ്ങൾക്ക് മുൻപ്
ഒരു നാട്ടുകാരന്റെ മരണത്തിന് 25 വർഷങ്ങൾക്ക് മുൻപ് കാരണമായത് ഈ തേനീച്ചകളാണ്. ഇളകിയെത്തിയ തേനീച്ചകൾ കൂട്ടമായെത്തി കുത്തിയതിനെ തുടർന്ന് അവശനായ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിന് ശേഷം കടവുപുഴയിലെ ഇലവുമരത്തിന് കൊലയാളി തേൻമരമെന്ന പേരുവന്നു. ഇപ്പോൾ നാട്ടുകാർ ഭയത്തോടെ മാത്രമേ ഈ ഇലവു മരത്തിന് സമീപത്തെത്താറുള്ളു.
ഇലവു മരത്തിലെ പെരും തേനീച്ചകളുടെ തേനിന് വനത്തിലെ ചെറുതേൻ,കോൽതേൻ, കൂളത്തേൻ എന്നിവയെ അപേക്ഷിച്ച് ഔഷധ ഗുണം കുറവാണങ്കിലും വലിയ അളവിൽ ലഭ്യതയുണ്ട്. ഇത്തരം നേനീച്ചകൾ കൂട്ടമായെത്തി കുത്തിയാൽ അപകടമാണ്.
ചിറ്റാർ ആനന്ദൻ,
പരിസ്ഥിതി പ്രവർത്തകൻ.